സംവരണം; സുപ്രീംകോടതി പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തും-യു.സി രാമന്‍

കോഴിക്കോട്: പിന്നോക്ക സംവരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങളെ പോലും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. പട്ടിക വിഭാഗങ്ങളില്‍ തന്നെ സമ്പന്നരും ഉന്നതരുമുണ്ടെന്നും സംവരണത്തില്‍ മാറ്റം വരുത്തണമെന്നുമുള്ളതും പട്ടിക വിഭാഗങ്ങളിലെ സമ്പന്നര്‍ അര്‍ഹരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നുമൊക്കെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒരു കേസില്‍ വാദം കേള്‍ക്കവേ പരാമര്‍ശിച്ച് പോയത്. ഇതെല്ലാം തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് യു.സി രാമന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ ഈ പരാമര്‍ശം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ പൊളിച്ചെഴുതാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള രംഗമൊരുക്കുന്നതിനുതകുന്നതാണ്. ഭരണഘടന നല്‍കിയ മൗലികാവകാശങ്ങളും തുല്യതക്ക് വേണ്ടിയും അവര്‍ണരെ കൈ പിടിച്ചുയര്‍ത്താനും ദീര്‍ഘവീക്ഷണമുള്ള മഹാന്മാര്‍ ഭരണഘടനയിലുള്‍പ്പെടുത്തിയ സംവരണത്തെ തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും യു.സി രാമന്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ആദിവാസി മേഖലകളില്‍ അധ്യാപക നിയമനത്തിലെ പട്ടികവര്‍ഗക്കാര്‍ക്ക് 100 ശതമാനം സംവരണം അനുവദിച്ചതിനെ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് വിവിധങ്ങളായ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായ സാന്നിദ്ധ്യം ഇന്നുമില്ല എന്നതും കോടതി പരിശോധിക്കണം. ജുഡിഷ്യറിയില്‍ തന്നെ നോക്കിയാല്‍ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരായി പട്ടികജാതി, വര്‍ഗത്തില്‍പ്പെട്ട എത്രപേരുണ്ടെന്ന് പരിശോധിച്ചാല്‍ കോടതിക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഖേദകരവും അനവസരത്തിലുള്ളതുമായിപ്പോയെന്നും യു.സി രാമന്‍ അഭിപ്രായപ്പെട്ടു.

SHARE