യു.എ.പി.എ: പൊലീസ് കേന്ദ്ര ഏജന്‍സികളുടെ കെണിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പല കേസുകളിലും അകാരണമായി നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തുന്നതായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. പ്രസംഗത്തിന്റെ പേരില്‍ മതപണ്ഡിതന്റെ പേരില്‍ പോലും യു.എ.പി.എ ചുമത്തി. പല കേസുകളിലും യു.എ.പി.എ ചുമത്തുന്ന സ്ഥിതിയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും സ്‌കൂളുകളിലെ സിലബസില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന പാഠഭാഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് അത് തിരുത്തണം. ഇതിന് പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന പൊലീസ് തന്നെ യു.എ.പി.എ ചുമത്തി കേസ് എടുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ ക്യാമ്പയിന്‍ നടത്തിയവരാണ് മുസ്‌ലിംലീഗ്. തീവ്രവാദത്തിനെതിരെ എല്ലാക്കാലവും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ തീവ്രവാദത്തിന്റെ പേരില്‍ സാധാരണ കേസുകളില്‍ പോലും യു.എ.പി.എ ചേര്‍ത്ത് എഫ്.ഐ.ആര്‍ ഇടുന്നത് ശരിയാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.എ.പി.എ നിയമം ചുമത്തുന്നതിനെതിരെ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം. പ്രത്യേക അജണ്ടയോടെ ഇക്കാര്യങ്ങളിലെല്ലാം ഇടപെടുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്ക് ഇടതുപക്ഷവും കൂട്ടുനില്‍ക്കുകയാണ്.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താല്‍ക്കാലിക നേട്ടത്തിനായാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍ ഏകസിവില്‍ കോഡ് ചര്‍ച്ചയാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തുള്ള ചിലരും ബി.ജെ.പി ഒരുക്കിയ കെണിയില്‍ വീഴുകയാണ്. മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയം പറഞ്ഞ് ബി.ജെ.പി ഒരുക്കിയ കെണിയില്‍ അവര്‍ ചാടേണ്ടതില്ല. മതേതര വേരുകള്‍ ശക്തമായ സംസ്ഥാനമാണ് കേരളം. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, യു.എ.പി.എ ചുമത്തുന്നത് സംസ്ഥാന സര്‍ക്കാറിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എടുത്ത കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. നിരോധിത സംഘടനകളായ ഐ.എസുമായി ബന്ധമുള്ള കേസുകളിലെല്ലാം യു.എ.പി.എ ചുമത്തുന്നുണ്ട്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുകയാണ്. നിരോധിത സംഘടനയില്‍ ആരു ചേര്‍ന്നാലും യു.എ.പി.എ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ട്. പ്രസംഗിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയെന്ന പരാതി ഗൗരവമായി പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SHARE