മനോജ് വധം: ജയരാജനെതിരെ യു.എ.പി.എ ശരിവെച്ചു

സര്‍ക്കാരിന് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്നും കോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.
ആളുകളെ ഭയപ്പെടുത്തി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ യു.എ.പി.എ ചുമത്തിയതിനു എന്താണ് കുഴപ്പമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. ആളുകളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപ്പെടുത്താം, യു.എ.പി.എ പാടില്ല – കോടതി പരിഹസിച്ചു.
സംസ്ഥാനത്തിനകത്ത് നടന്ന കൊലപാതകമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി സി.പി.എംകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ചത്. മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് സംസ്ഥാന സര്‍ക്കാരാണ്. വീണ്ടും സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്ന് അനുമതി വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശഠിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രതികളുടെ ഭാഗത്തു നിന്നും സംസാരിക്കുകയും സഹായിക്കുകയുമാണ്. യു.എ.പി.എ ചുമത്തിയതിനെതിരായി സത്യവാങ് മൂലം എങ്ങനെ നിലനില്‍ക്കും. സത്യവാങ് മൂലത്തില്‍ തന്നെ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. കേസില്‍ വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന വി. ജയരാജന്റെ വാദം തള്ളികൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.