യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേര്‍ അറസ്റ്റിലായ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വിവാദ വിഷയത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡിജിപി പ്രതികരിച്ചത്.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. മാവോയിസ്റ്റ് വിഷയത്തിലെ പോലീസ് നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബെഹ്‌റയുടെ പ്രതികരണം.

അതേസമയം, ഡിജിപിയുടെ പ്രതികരണത്തിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തിലെ നിഷ്പക്ഷമായ അന്വേഷണം നടത്താതെയാണോ മനുഷ്യത്വ രഹിതമായ വകുപ്പുകള്‍ ചുമത്തുന്നതെന്നും രാജ്യത്ത് ഒരാളെ കുറ്റവാളിയാക്കാനാണോ കുറ്റവിമുക്തനാക്കാനാണോ തെളിവുകള്‍ വേണ്ടതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷമല്ലേ ഒരാള്‍ക്കെതിരെ കുറ്റം ചുമത്തേണ്ടതെന്നും ഇനി അവര്‍ കുറ്റക്കാരല്ലെന്ന് തെളിഞ്ഞാല്‍ അവര്‍ക്കുണ്ടായ മാനഹാനി ആരു നികത്തുമെന്നും ചോദ്യമുയരുന്നുണ്ട്.

എന്നാല്‍, മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് മാധ്യമങ്ങളിലൂടെ പൊലീസ് നല്‍കുന്നത്. ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും കളളക്കേസാണിതെന്നും അറസ്റ്റിലായ അലനും ത്വാഹയും വ്യക്തമാക്കിയിട്ടും പൊലീസ് വാദങ്ങള്‍ തുടരുകയാണ്.

വെളളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, ത്വാഹ ഫൈസല്‍ എന്നിവരെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ശനിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി വാര്‍ത്തകള്‍ വരുന്നത്.