രക്ഷകനായി മസാല കിങ് ധനഞ്ജയ് ദത്താര്‍; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

ദുബൈ: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സഹായഹസ്തവുമായി വ്യവസായി ധനഞ്ജയ് ദത്താര്‍. കോവിഡ് മഹാമാരിയില്‍ ദുരിതത്തിലകപ്പെട്ട പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാമെന്ന് ദത്താര്‍ അറിയിച്ചു. മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികള്‍ക്കാണ് യു.എ.ഇയിലെ മസാല കിങ് എന്നറിയപ്പെുന്ന ദത്താര്‍ പണം നല്‍കുക.

‘ഇവിടെ ഒരുപാട് ഗര്‍ഭിണികളുണ്ട്. കുട്ടികളും ടൂറിസ്റ്റ് വിസയ്ക്ക് വന്നവരുമുണ്ട്. എല്ലാവരും കുടുങ്ങിക്കിടക്കുകയാണ്. കേരളം, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ജെയ്പൂര്‍, ലഖ്‌നൗ, ഗോവ, ഛണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുള്ള മുവ്വായിരത്തിലേറെ പേര്‍ക്ക് യാത്രയ്ക്കുള്ള മാര്‍ഗമുണ്ടാക്കി’ – ദത്താര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

‘ഇന്ത്യയിലേക്ക് മുവ്വായിരം പേരുമായി ഒരു ഡസനിലേറെ വിമാനങ്ങള്‍ ഇതുവരെ അയച്ചിട്ടുണ്ട്. വിമാനടിക്കറ്റും സൗജന്യം കോവിഡ് പരിശോധനയും ഏര്‍പ്പാടാക്കിയ അല്‍ ആദില്‍ ഗ്രൂപ്പിന്റെ പിന്തുണ സ്വാഗതാര്‍ഹമായിരുന്നു’ – ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

പ്രശസ്തമായ അല്‍ അദീല്‍ ട്രേഡിങ് കമ്പനിയുടെ മേധാവിയാണ് ദത്താര്‍. തന്റെ ഉത്പന്നങ്ങളുടെ പരസ്യത്തിനായി മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍, ജൂഹി ചൗള, ശില്‍പ്പ ഷെട്ടി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളെ അദ്ദേഹം യു.എ.ഇയില്‍ എത്തിച്ചിരുന്നു.