യു.എ.ഇയുടെ സമ്പത്തില്‍ 48.5 ശതമാനവും ശതകോടീശ്വരരുടെ കൈകളില്‍

ദുബൈ: 2024 ഓടെ രാജ്യത്തെ വ്യക്തിഗത സമ്പത്ത് 510 ബില്യണ്‍ ഡോളറിലെത്തുമെന്ന് പഠനം. അടുത്ത ഓരോ വര്‍ഷവും 4.2 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക എന്നും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നു. 2019ല്‍ 400 ബില്യണ്‍ യു.എസ് ഡോളറാണ് രാജ്യത്തെ വ്യക്തിഗത സമ്പത്ത്. ഇതില്‍ 48.5 ശതമാനവും (194 ബില്യണ്‍) കൈവശം വയ്ക്കുന്നത് ശതകോടീശ്വരരാണ്.

‘നിലവിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലാണ് വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചില മേഖലയില്‍ സുസ്ഥിര വളര്‍ച്ചയുണ്ട് എന്നതിന്റെ തെളിവാണിത്’ – ബി.സി.ജി മാനേജിങ് ഡയറക്ടര്‍ മുസ്തഫ ബോസ്‌ക പറയുന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ജി.സി.സി രാഷ്ട്രങ്ങള്‍ അതിവേഗം കരകയറുമെന്നും മുസ്തഫ പ്രവചിക്കുന്നു.

2014-19 കാലയളവില്‍ ജി.സി.സി രാഷ്ട്രങ്ങളിലെ വ്യക്തിഗത സമ്പത്ത് നാലു മടങ്ങാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 2014ല്‍ ഇത് 0.5 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഇത് രണ്ട് ലക്ഷം കോടി ഡോളറിലെത്തി. വ്യക്തിഗത സമ്പത്തില്‍ നാല്‍പ്പത് ശതമാനവും യു.എ.ഇക്ക് പുറത്താണെന്നും പഠനം പറയുന്നു. ആഗോള തലത്തില്‍ ഇത് നാലു ശതമാനം മാത്രമാണ്. ഇത് തിരിച്ചു കൊണ്ടുവരിക വെല്ലുവിളിയാണ്. ഈ പണം പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ ചെലവഴിക്കപ്പെടേണ്ടതുണ്ട് – ബി.സി.ജി പഠനം ചൂണ്ടിക്കാട്ടുന്നു.

SHARE