യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കല്‍ താല്‍ക്കാലികം; പുതിയ ഏകീകൃത തൊഴില്‍ കരാര്‍

യുഎഇയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ മൂന്ന് കാര്യങ്ങള്‍ സൗകര്യപൂര്‍വം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി പുതിയ ഏകീകൃത തൊഴില്‍കരാറും അധികൃതര്‍ പുറത്തിറക്കി.

കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പുതിയ തൊഴില്‍ പ്രതിക പുറത്തിറക്കിയത്. തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി നല്‍കുക, താല്‍ക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ മുന്നില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കിയത്. ഏതു മാര്‍ഗം സ്വീകരിച്ചാലും അതു തൊഴിലാളികളില്‍ സമ്മര്‍ദം ചെലുത്തിയാകരുതെന്ന് പുതിയ തൊഴില്‍ കരാറില്‍ പ്രത്യേകം പറയുന്നുണ്ട്.

ഇരുവിഭാഗവും പരസ്പരം സമ്മതിച്ച് ഒപ്പ് പതിച്ചാണ് പുതിയ കരാര്‍ സമര്‍പ്പിക്കേണ്ടത്. വേതനം കുറയ്ക്കുന്ന നടപടി താല്‍ക്കാലികവും കാലപരിധി നിശ്ചയിച്ചുമാണ് നടപ്പാക്കേണ്ടത്.താല്‍ക്കാലിക കരാറിലെ എല്ലാ ഘടകങ്ങളും സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണം.

SHARE