യുഎഇ വിസാ നിയമങ്ങള്‍ പരിഷ്‌കരിച്ചു; വിസ പുതുക്കാനുള്ള ഗ്രേസ് പീരിയഡ്, ഫീസ് പുതുക്കി


ദുബൈ: 2020 മാര്‍ച്ച് 1 മുതല്‍ ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ രാജ്യത്തിനകത്തുള്ളവര്‍ക്ക് വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുടെ സാധുത സംബന്ധിച്ച മുന്‍ തീരുമാനം റദ്ദാക്കിയതായി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച അംഗീകരിച്ച ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം.
ഐഡന്റിറ്റി, പൗരത്വ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങളില്‍ ഭേദഗതി വരുത്താനും കഴിഞ്ഞ കാലയളവില്‍ കോവിഡ് 19 മഹാമാരി പടരാന്‍ തുടങ്ങിയപ്പോള്‍ സ്വീകരിച്ച നിരവധി നടപടിക്രമങ്ങളും തീരുമാനങ്ങളും ഉപയോഗിച്ച് ജോലി പുനരാരംഭിക്കാനുമുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളുടെും മററും സഹകരണത്തോടെ
ബിസിനസ്സിന്റെ തുടര്‍ച്ചയെ പിന്തുണക്കാനും തീരുമാനിച്ചു.
വിവിധ മേഖലകളില്‍ പ്രതികൂല ഫലങ്ങളോ പ്രത്യാഘാതങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്താന്‍ നിലവിലെ സ്ഥിതി വിശദമായി പഠിച്ച ശേഷമാണ് തീരുമാനം.
രാജ്യത്തോ പുറത്തോ ഉള്ള പ്രവാസികള്‍ക്കുള്ള റെസിഡന്‍സി വിസകളുടെ സാധുത വിശകലനം ചെയ്തു. 2020 മാര്‍ച്ച് 1നും മാര്‍ച്ച് 31നുമിടയില്‍ അത്തരക്കാരുടെ വിസ കാലഹരണപ്പെട്ടാല്‍ സാധുത വര്‍ഷാവസാനം വരെ നിലനില്‍ക്കുമെന്ന തീരുമാനം റദ്ദാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.
ഇതനുസരിച്ച്, 2020 മാര്‍ച്ച് 1 മുതല്‍ ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ രാജ്യത്തിനകത്തുള്ളവര്‍ക്ക് അനുവദിച്ചിരുന്ന വിസയുടെയും എന്‍ട്രി പെര്‍മിറ്റിന്റെയും സാധുത ഇല്ലാതായിരിക്കുകയാണ്. ഫലത്തില്‍, പിഴ ഈടാക്കപ്പെടുമെന്ന് ചുരുക്കം.
ലംഘനങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനവും മന്ത്രിസഭ റദ്ദാക്കി. 2020 ജൂലൈ 12 മുതല്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ഫീസ് ഈടാക്കുന്നതാണ്.
യുഎഇ പൗരന്മാര്‍ക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍, ജിസിസി, പൗരന്മാര്‍ക്കും രാജ്യത്തിനകത്തുള്ള താമസക്കാര്‍ക്കും അവരുടെ രേഖകള്‍ പുതുക്കുന്നതിന് മൂന്ന് മാസം സമയം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
യുഎഇ പൗരന്മാര്‍ക്കും ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്ത് എത്തിയ തീയതി മുതല്‍ (രാജ്യത്തിന് പുറത്ത് ആറു മാസത്തില്‍ താഴെ ചെലവഴിച്ചവര്‍) അവരുടെ രേഖകള്‍ പുതുക്കുന്നതിന് ഒരു മാസം സമയം അനുവദിക്കാനും അനുമതിയായി.
2020 മാര്‍ച്ച് ഒന്നിന് ശേഷം രാജ്യത്തിന് പുറത്തുള്ളവരും റെസിഡെന്‍സി കാലഹരണപ്പെട്ടവരുമായവരോ, അല്ലെങ്കില്‍ രാജ്യത്തിന് പുറത്ത് ആറു മാസത്തെ കാലാവധി കഴിഞ്ഞവരോ ആയവര്‍ക്ക് ഇളവ് അനുവദിക്കാനും അംഗീകാരമായി.

SHARE