യുഎഇ: മാര്‍ച്ച് ഒന്നിന് മുമ്പ് താമസ വിസയുടെ കാലാവധി തീര്‍ന്നവര്‍ക്ക് യു.എ.ഇയില്‍ നിന്ന് പിഴ അടക്കാതെ നാട്ടില്പോകാന് ഇനി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കണം. യാത്രയുടെ ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം എന്നാണ് നിബന്ധന. എംബസി അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് ആഗസ്റ്റ് 17 വരെ പിഴയില്ലാതെ നാട്ടില്പോകാന് യു.എ.ഇ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഈ അവസരം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പ്രത്യേകഫോമില്‍ അപേക്ഷ നല്‍കണം. ഫോറം എംബസി വെബ്സൈറ്റില്‍ ലഭിക്കും. അബൂദബിയിലുള്ളവര് ca.abudhabi@mea.gov.in മറ്റ് എമിറേറ്റുകളിലുള്ളവര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ cons2.dubai@mea.gov.in എന്നീവിലാസങ്ങളിലാണ് ഈമെയില്‍ വഴി അപേക്ഷിക്കേണ്ടത്.
കോണ്‍സുലേറ്റിലെയും എംബസിയിലെയും ഡ്രോപ് ബോക്സുകള്‍ വഴി നേരിട്ട് അപേക്ഷിക്കാം. പാസ്പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, വിസ കോപ്പി എന്നിവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇവയുടെ കോപ്പികളും നല്‍കണം. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെട്ട് ഇത് ലഭ്യമാക്കാന്‍ സൗകര്യം ചെയ്യണം. ഇതിന് ശേഷം മാത്രമെ വിസ പിഴയിളവിന് അപേക്ഷിക്കാവൂ.
കോണ്‍സുലേറ്റിലും എംബസിയിലും ലഭിക്കുന്ന അപേക്ഷകള്‍ യു.എ.ഇ അധികൃതര്‍ക്ക് കൈമാറും. ഇവരും അനുമതി നല്‍കുന്നതോടെ അപേക്ഷകനെ ഫോണിലോ ഇമെയിലായോ വിവരം അറിയിക്കും. അപേക്ഷ നല്കിയ ശേഷം അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ വിവരം അറിയിക്കും. യാത്രാ അനുമതി ലഭിക്കുന്നവര്‍ കഴിയുന്നത്ര വേഗത്തില്‍ നാട്ടിലേക്ക് തിരിക്കണം. എംബസി അധികൃതര്‍ അറിയിച്ചു.