സുരക്ഷിത നഗരങ്ങളില്‍ ദുബൈയും

 

ദുബൈ: വന്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനംമെച്ചപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ദുബൈ 38 ശതമാനം കുറച്ചു കൊണ്ടുവന്നിട്ടുണ്ട്.
മോഷണ കേസുകളില്‍ ലക്ഷം പേരില്‍ 22 കുറ്റകൃത്യം എന്നത് 2017 ആയപ്പോഴേക്കും 12.6 ആയി ചുരുങ്ങിയെന്ന് ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍-ജന. ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും ഇത് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരാന്‍ സാധിക്കുമെന്നാണ് ദുബൈ പൊലീസ് ആസൂത്രണം ചെയ്യുന്നത്. കൊലപാതക കേസുകള്‍ 2016ല്‍ ലക്ഷത്തില്‍ 0.5 കേസുകള്‍ ഉണ്ടായിരുന്നത് 0.3 ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, അക്രമാസക്തമായതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ലക്ഷത്തില്‍ 2.2 കുറ്റങ്ങള്‍ ഉണ്ടായിരുന്നത് 2017ല്‍ 1.2 ആയി കുറഞ്ഞതായും അല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി.
അതേസമയം, പൊതുവായ കുറ്റകൃത്യങ്ങള്‍ 2013നു ശേഷം വര്‍ധിച്ചതായും 2017 അവസാനത്തോടെ 0.2ല്‍ എത്തി നില്‍ക്കുകയാണെന്നും കണക്കുകള്‍ പറയുന്നു. പിടിച്ചുപറി കേസുകള്‍ 2013ല്‍ 3.8 ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 2.1 ആയി ചുരുങ്ങി. തട്ടിക്കൊണ്ടു പോകല്‍ കേസുകളും 0.2ല്‍ നിന്ന് 0.1 ആയി കുറഞ്ഞു.2013ല്‍ ജനസംഖ്യയുടെ ലക്ഷത്തില്‍ 3.8 ശതമാനം വാഹന മോഷണ കേസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അത് 1.7ലേക്ക് എത്തി.

SHARE