രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ ഒരുങ്ങി യു.എ.ഇ; ലോകത്തിന് മാതൃക

ദുബൈ: രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് 19 പരിശോധന നടത്താന്‍ ഒരുങ്ങി യു.എ.ഇ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാര്‍നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് പരിശോധന നടത്തുക. ആഗോള തലത്തില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.

ഇതിനകം 20 ലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇനി 90 ലക്ഷം പേരിലാണ് പരിശോധന നടത്തുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന അണുനശീകരണവും ഊര്‍ജ്ജിതമായി തുടരും.

ജൂണ്‍ രണ്ടിലെ വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാരം പത്തു ലക്ഷം പേരില്‍ 2,13601 പേരെയാണ് യു.എ.ഇ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റഷ്യയാണ് ഇതില്‍ രണ്ടാം സ്ഥാനത്ത് പത്തു ലക്ഷം പേരില്‍ റഷ്യ പരിശോധനയ്ക്ക് വിധേയമാക്കിയത് 74,852 പേരെ.

യു.കെ, യു.എസ്.എ, ജര്‍മനി, ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളെ പിന്തള്ളിയാണ് യു.എ.ഇ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. യു.കെയില്‍ പത്തു ലക്ഷം പേരില്‍ 63,158 പേര്‍ക്കാണ് പരിശോധന നടത്തിയത്. ലക്ഷത്തിലേറെ പേര്‍ മരിക്കുകയും 18 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത യു.എസില്‍ ഇത് 54,859 ആണ്. ജര്‍മനിയില്‍ 47,192 ഉം.

ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ പരിശോധന മുവ്വായിരത്തില്‍ താഴെയാണ്. പത്തു ലക്ഷം പേരില്‍ ശരാശരി 2876 പേര്‍. ജപ്പാനില്‍ ഇത് 2313 ആണ്.

ഗ്രാഫിക്സ് കടപ്പാട്- ഖലീജ് ടൈംസ്

SHARE