യുഎഇയിലെ ആദ്യ ആണവോര്‍ജ നിലയം പ്രവര്‍ത്തനം ആരംഭിച്ചു


അബുദബി: യുഎഇയിലെ ആദ്യ ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അബുദബിയിലെ അല്‍ ദഫ്‌റയില്‍ സ്ഥാപിച്ച ആണവ നിലയമാണ് പ്രവര്‍ത്തനം തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ട്വിറ്ററില്‍ പ്രഖ്യാപനം നടത്തിയത്. നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (കെപ്കോ) ആണ് നിലയത്തിന്റെ നിര്‍മാതാക്കള്‍. ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാല്‍ ഭാഗം സുരക്ഷിതമായ രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു. ദക്ഷിണ കൊറിയയുടെ രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും പ്രകാരമാണു റിയാക്ടറുകള്‍ നിര്‍മിച്ചത്.

2000 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 2013 ലാണു നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നാല് നിലയവും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നാണിത്. ഓരോ റിയാക്ടറും 1.4 ജിഗാവാട്ട് വീതം ഉല്‍പാദിപ്പിക്കും. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂചലന സാധ്യതയില്ലാത്ത മേഖലയിലാണു നിര്‍മാണം. 60 വര്‍ഷമാണു നിലയത്തിന്റെ കാലാവധി.

SHARE