ദുബായ്: വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായ് കോളജ് വിദ്യാര്‍ഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്ക് പ്രത്യേക താത്പര്യപ്രകാരം സഹായ ഹസ്തം നീട്ടിയത്. പൃഥ്വിക്കിന് ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായമാണ് ഷെയ്ഖ് മുഹമ്മദ് വാഗ്ദാനം ചെയ്തത്.
മേയ് 31ന് പൃഥ്വികിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ രോഗം മൂര്‍ഛിച്ചിരുന്നു. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്കര്‍ സിന്‍ഹ തന്റെ വൃക്ക നല്കാന് തയാറായിരുന്നു. എന്നാല്‍, യുഎഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് കോവിഡ് 19 നിയന്ത്രണം കാരണം തിരിച്ചുവരാനായില്ല. കോവിഡ് കാരണം കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയും ചെയ്തിരുന്നു. എണ്ണ-ഗ്യാസ് ബിസിനസ് രംഗത്തായിരുന്നു ഭാസ്കര്‍ പ്രവര്‍ത്തിച്ചിരുന്നത്. മകന്റെ ദുരവസ്ഥയില്‍ അവന് പിന്തുണ നല്‍കാനായി ജോലി ഉപേക്ഷിച്ചു. മാതാവ് ഇന്ദിരാ ദര്ചൗധരിയുട മീഡിയാ കണ്സള്ടന്സി സ്ഥാപനവും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതേ തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളായ ലില്ലി, സാം ബര്‍ണറ്റ്, ഇസബല്‍ പിന്റാഡോ, മൈക്കിള്‍ ലംബര്ട് എന്നിവര്‍ അല്‍ ജലീലാ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. ഇതുപ്രകാരം വിവരമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് പൃഥ്വികിന് കത്തും പൂക്കളും െഎപാഡും സമ്മാനമായി കൊടുത്തയച്ചു.
ഷെയ്ഖ് മുഹമ്മദ് പൃഥ്വിക് അയച്ച കത്ത്.
‘പ്രിയപ്പെട്ട പൃഥ്വിക്, ഇതെന്റെ ചെറിയൊരു ഉപഹാരമാണ്. താങ്കള്‍ ഇപ്പോള്‍ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണെന്ന് ഓര്‍ക്കുമല്ലോ. താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു. പുഞ്ചിരിയോടെ പോരാടൂ, പ്രിയ കുഞ്ഞു യോദ്ധാവേ…’- ഷെയ്ഖ് മുഹമ്മദിന്റെ കത്തിലെ വരികളാണിവ. കോവിഡ് കാരണം ഒരുപാട് ദുരിതങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഷെയ്ഖ് മുഹമ്മദ് ഒരു മാലാഖയെ പോലെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയാണെന്ന് പൃഥ്വികിന്റെ മാതാവ് ഇന്ദിര പറയുന്നു:
‘എങ്ങനെയാണ് അദ്ദേഹത്തിന് നന്ദി പറയേണ്ടതെന്നറിയില്ല. ജലീലാ ഫൗണ്ടേഷനിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും കൃതജ്ഞത അറിയിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ മകന്റെ ജീവന് തന്നെ അപകടത്തിലായേനെ എന്ന് ഞാന്‍ കരുതുന്നു. ഇതുപോലെ ഒരു കരുതല്‍ മറ്റെവിടെയും ലഭിക്കില്ലെന്നും വിശ്വസിക്കുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ദുഃസ്വപ്നങ്ങളായിരുന്നു കൂട്ട്. എങ്കിലും എന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാന്‍ പ്രിയ ഭരണാധികാരി ഒരിക്കലും തയാറാകില്ലെന്ന് ഉറച്ചുവിശ്വസിച്ചു’-ഇന്ദിര പറഞ്ഞു. പൃഥ്വിക്കിന് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും അറിയിച്ചു. തന്റെ വൃക്ക യോജിക്കുന്നതായതിനാല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് തയാറാണെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.