കേസുകളില്‍ റെക്കോര്‍ഡ് കുറവ്, പരിശോധന അമ്പത് ലക്ഷം- ലോകത്തെ വിസ്മയിപ്പിച്ച് യു.എ.ഇ

ദുബൈ: തുടര്‍ച്ചയായ ആറാം ദിവസവും യു.എ.ഇയുടെ കോവിഡ് പോസിറ്റീവ് ഗ്രാഫ് താഴോട്ട്. തിങ്കളാഴ്ച 164 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 248 പേര്‍ രോഗമുക്തരായി. മരണമില്ല. ഇതിനകം അമ്പത് ലക്ഷത്തിലധികം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായും ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് 90 ശതമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ രാജ്യത്ത് 51.8 ലക്ഷം കോവിഡ് ടെസ്റ്റാണ് നടത്തിയിട്ടുള്ളത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയ രാഷ്ട്രമാണ് യു.എ.ഇ.

കോവിഡിന് ശേഷം ആദ്യമായി യു.എ.ഇ മന്ത്രിസഭ തിങ്കളാഴ്ച യോഗവും ചേര്‍ന്നു. ഫെബ്രുവരി മുതല്‍ വിര്‍ച്വല്‍ മന്ത്രിസഭാ യോഗമാണ് നടന്നിരുന്നത്. അബൂദാബിയിലെ രാജകൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ധ്യക്ഷത വഹിച്ചു.

SHARE