കോവിഡ്: മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാം: യു.എ.ഇ- പ്രതികരിക്കാതെ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ എംബസി. യു.എ.ഇയില്‍ കോവിഡ് ബാധിച്ചവരെ അവിടെ തന്നെ ചികിത്സിക്കാമെന്നും അംബാസിഡര്‍ അഹ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിട്ടുള്ളത്. ദേശീയ മാദ്ധ്യമമായ ദ ഹിന്ദുവുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, പ്രവാസികളെ നാട്ടില്‍ തിരികെയെത്തിക്കണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിംലീഗ് അടക്കമുള്ള കക്ഷികള്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ അറിയിച്ചിട്ടുള്ളത്. യു.എ.ഇയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ നാട്ടിലെ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ നിലവില്‍ തിരിച്ചെത്തിക്കാന്‍ ആകില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, യു.എ.ഇയുടെ വാഗ്ദാനത്തോട് ഇതുവരെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ലോകത്തുടനീളം വിദ്യാര്‍ത്ഥികള്‍ അടക്കം 25,000 ഇന്ത്യയ്ക്കാര്‍ രാജ്യത്ത് മടങ്ങാനായി കാത്തു നില്‍ക്കുന്നുണ്ട് എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ കൂടുതല്‍ പേരും ദുബൈയിലും അബൂദാബിയിലുമാണ്.

ജി.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ്

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജി.സി.സി നേതാക്കളുമായി ഇന്നലെ മുസ്‌ലിംലീഗ് നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരുന്നു ചര്‍ച്ച. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കാന്‍ വേണ്ട ഐസൊലേഷന്‍ കേന്ദ്രങ്ങളില്ല എന്ന് അവര്‍ അറിയിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി അവരെ ധരിപ്പിച്ചിരുന്നു.