യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം: യു.എ.ഇയുടെ സഹായവാഗ്ദാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.

രണ്ടു തരം ഭരണാധികാരികളുണ്ട്. ചിലര്‍ ജനങ്ങളുടെ ജീവിതത്തെ എളുപ്പമാക്കുന്നവരും ചിലര്‍ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നവരും എന്നതാണ് ട്വീറ്റിന്റെ ഉള്ളടക്കം.

ആരുടേയും പേരെടുത്ത് പരാമര്‍ശിക്കാത്ത ഈ ട്വീറ്റുകള്‍ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. മോദി സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകളെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി കേന്ദ്രം തടഞ്ഞ സംഭവം വിവാദമായിരുന്നു.


ട്വീറ്റിന്റെ വിവര്‍ത്തനം ഇങ്ങനെ;

രണ്ടുതരം അധികാരികളുണ്ട്. ആദ്യത്തേത് നന്മയിലേക്കുള്ള പൂട്ട് തുറക്കുന്നവരാണ്, ജനങ്ങളെ സേവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍, ജനങ്ങളുടെ ജീവിതമൊരുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍, നല്‍കുന്നതിലും ഒരുക്കുന്നതിലും സ്വന്തം മൂല്യം കണ്ടെത്തുന്നവര്‍, ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ യഥാര്‍ത്ഥ നേട്ടം കാണുന്നവര്‍, വാതിലുകള്‍ തുറന്നു കൊടുക്കുന്നവര്‍, പരിഹാരങ്ങള്‍ കണ്ടെത്തുന്നവര്‍, എല്ലായ്‌പ്പോഴും ജനങ്ങളുടെ നേട്ടത്തിന് വേണ്ടി വഴികള്‍ തേടുന്നവര്‍….

രണ്ടാമത്തെ തരം, നന്മകള്‍ക്ക് ഉടക്ക് വെക്കുന്നവര്‍, എളുപ്പമായതിനെ കുരുക്കിലാക്കുന്നവര്‍, അധികമുള്ളതിനെ വെട്ടിക്കുറയ്ക്കുന്നവര്‍, ജനജീവിതം ദുസ്സഹമാക്കാന്‍ ചട്ടങ്ങള്‍ ചമക്കുന്നവര്‍, ആവശ്യങ്ങള്‍ തേടിയെത്തുന്നവരെ അവരുടെ വാതിലുകള്‍ക്കു മുന്നിലും ഓഫിസുകളിലും കാത്തുകെട്ടി നിര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍…..

ഈ രണ്ടാമത്തെ തരക്കാരേക്കാള്‍ ആദ്യത്തെ കൂട്ടര്‍ ധാരാളമുണ്ടായില്ലെങ്കില്‍ ഒരു രാഷ്ട്രത്തിനും അതിന്റെ ഭരണകൂടത്തിനും വിജയിക്കാനാവില്ല’

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്