ദുബൈ: കോവിഡ് മഹാമാരിയില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 275,000 പ്രവാസികള്‍ തിരിച്ചെത്തിയതായി ഇന്ത്യന്‍ മിഷന്. വന്ദേഭാരത് മിഷനു കീഴില്‍ അഞ്ചു ലക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍ തിരിച്ചു പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മിഷന് വ്യക്തമാക്കി.
ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങളില്‍ ‘ധാരാളം സീറ്റുകള്‍’ ലഭ്യമാണെന്ന് മിഷന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 15 വരെ കേരളം, ഡല്‍ഹി, ഗയ, വാരാണസി, അമൃത്സര്‍, ജയ്പൂര്‍, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള 90 വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കു ചെയ്യാമെന്നും മിഷന് അറിയിച്ചു.
ഇതിന് പുറമേ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് എമിറേറ്റ്സ്, ഫ്ളൈ ദുബൈ, എയര്‍ അറേബ്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര എന്നീ എയര്‍ലൈന്‍സുകളുടെ നൂറോളം സര്‍വീസുകളുമുണ്ട്. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീര്‍ന്ന സന്ദര്‍ശകര്‍ പിഴ ഒഴിവാക്കാന്‍ ഓഗസ്റ്റ് 10നകം രാജ്യം വിടണമെന്നും മിഷന് നിര്‍ദ്ദേശിച്ചു.
അതിനിടെ, പ്രത്യേക വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പുതുക്കി. രണ്ടാഴ്ചത്തേക്കായിരുന്നു നേരത്തെയുള്ള കാലാവധി. ജൂലൈ 26ന് കരാര്‍ അവസാനിച്ചിരുന്നു. ഓഗസ്റ്റ് അവസാനം വരെ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെയുള്ള അഞ്ചാം ഘട്ട വന്ദേഭാരത് മിഷനില്‍ 118 വിമാനങ്ങലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.