ദുബൈ: യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്കില്‍ വ്യക്തതയില്ലാതെ ഇന്ത്യന്‍ എംബസി. ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നതായും എല്ലാ തരത്തിലുള്ള വിസക്കാര്‍ക്കും യു.എ.ഇയിലേക്ക് പോകാന്‍ അനുമതി തേടിയിട്ടുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി പന് കപൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കപൂറിന്റെ പ്രതികരണം.
‘യു.എ.ഇ പുതിയ വിസകള്‍ ഇഷ്യൂ ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വിസയുള്ള ഇന്ത്യയ്ക്കാര്‍ക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ട്’ – എന്നാണ് ട്വീറ്റ്.
യു.എ.ഇയില്‍ കുടുംബമായി താമസിക്കുന്നവര്‍ക്കും പാസ്പോര്ട്ടില് സ്റ്റാംപ് ചെയ്യാത്ത പുതിയ റസിഡന്‍സി വിസയുള്ളവര്‍ക്കും യു.എ.ഇയിലേക്ക് പോകാം എന്നാണ് കോണ്‍സുല്‍ ജനറല്‍ ഡോ.അമന് പുരി അറിയിച്ചത്. ഇന്ത്യയില്‍ നിരവധി പ്രവാസികള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്ിതലാണ് ഇന്ത്യന്‍ എംബസിയുടെ പ്രതികരണം.
ഇന്ത്യയടക്കം ചില രാഷ്ട്രങ്ങളില്‍ ഉള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് ജൂലൈ 29ന് ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യയിലുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പോകാമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. സന്ദര്‍ശക വിസക്കാരുടെ യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതു വരെ യു.എ.ഇയിലേക്ക് വരാന്‍ ആകില്ല എന്നാണ് അംബാസഡര്‍ വ്യക്തമാക്കിയിട്ടുള്ളത്.
‘ഈ സാഹചര്യത്തില്‍ സന്ദര്‍ശക വിസക്കാരെ യു.എ.ഇ അനുവദിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തയില്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. വിസിറ്റ് വിസയില്‍ യാത്ര അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യയും തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാരെ കൊണ്ടുവരുന്നില്ല’ എന്നായിരുന്നു നേരത്തെ അംബാസഡര്‍ ഇക്കാര്യത്തില്‍ അറിയിച്ചിരുന്നത്.
നിലവില്‍ താമസ വിസയുള്ളവരെ മാത്രമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും കൊണ്ടു പോകുന്നത്. ജോലിക്കായി സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തല്ക്കാലം യാത്ര മാറ്റി വയ്ക്കണമെന്ന് കപൂര്‍ ആവശ്യപ്പെട്ടു. കുടുംബത്തെ കാണാന്‍ വരുന്നു എങ്കില്‍ പ്രശ്നമില്ലെന്നും എന്നാല്‍ ജോലിയന്വേഷിച്ച് വിസിറ്റിങ് വിസയില്‍ എത്തേണ്ട ഉചിതമായ സമയം ഇതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.