കൊവിഡ് ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടെന്ന് യുഎഇയില്‍ മതവിധി

ദുബായ്: കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍
മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാമെന്നും ഫത്വയില്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചു നിര്‍ദ്ദശേങ്ങളാണ് നല്‍കിയിട്ടുള്ളത്.

കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നില മോശമാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അവരും നോമ്പെടുക്കേണ്ടതില്ല. റമാദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരം പള്ളികളില്‍ നിര്‍വ്വഹിക്കരുത്. വീടുകളില്‍ തറാവീഹ് നടത്തണം. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഈദുല്‍ ഫിത്ര്‍ നമസ്‌കാരം ഉണ്ടാവില്ല. വീടുകളില്‍ സുബഹി നമസ്‌കാരത്തിന് ശേഷം പെരുന്നാള്‍ നമസ്‌കരിക്കാം. ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഒരുമിച്ച് നമസ്‌കരിക്കാമെങ്കിലും ജീവന് ഭീഷണി ആകുന്ന തരത്തിലാവരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരങ്ങള്‍ അനുവദിക്കില്ല. ഈ സമയങ്ങളില്‍ വീടുകളില്‍ ളുഹര്‍ നമസ്‌കരിക്കണം. ഈ സാഹചര്യത്തില്‍ സകാത് നല്‍കുന്നത് പരമാവധി നേരത്തെയാക്കണമെന്നും പരമാവധി രാജ്യത്തിനുള്ളിലുള്ളവര്‍ക്ക് സകാത് നല്‍കണമെന്നും ഫത്വയില്‍ നിര്‍ദ്ദേശം നല്‍കി.

SHARE