മുന്‍ഗണനാ പട്ടികയില്‍ 30,000 പേര്‍, അഞ്ച് ശതമാനം ഗര്‍ഭിണികള്‍; യു.എ.ഇ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് കെ.എം.സി.സി

ഫുജൈറ : കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താന്‍ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റില്‍ നാലു ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് മുപ്പതിനായിരത്തിലേറെ പേര്‍. നിലവിലെ സാഹചര്യത്തില്‍ ഏതുവിധേനയും മടക്കയാത്രക്കു സന്നദ്ധരായി നില്‍ക്കുന്നവരാണിവരെന്നും രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളാണെന്നും യു.എ.ഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് യു എ ഇ കെ.എം.സി.സി പ്രവാസികളുടെ വിവരശേഖരണം നടത്തിയത്. പദ്ധതി പ്രവാസികളില്‍ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയത്. കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര – സംസ്ഥാന – നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ട കെ.എം.സി.സി കൃത്യമായ പദ്ധതിരൂപം അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിക്കുന്നതിനാണു പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റ് തയ്യാറാക്കിയത്.

ഇതിനകം രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം ഗര്‍ഭിണികളാണുള്ളത്. ഇവരില്‍ ഏറെയും ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലാത്തവരും സന്ദര്‍ശക വിസയില്‍ എത്തിയവരുമാണ്. സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്കു വിസ പുതുക്കാതെ ഡിസംബര്‍ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകള്‍ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ കാത്തിരിക്കുന്നവരാണ് ഗര്‍ഭിണികള്‍. പ്രസവചെലവുകള്‍ താങ്ങാനാവില്ലെന്നതാണു അവരെ ആശങ്കയിലാക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യത്തിലുള്ള പ്രവാസികളുടെ വിവരങ്ങള്‍ക്കു പുറമേ യാത്രാ നിര്‍ബന്ധം ഉള്ളവര്‍, റെസിഡെന്‍ഷ്യല്‍ സ്റ്റാറ്റസ്, കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്‍ക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയര്‍പോര്‍ട്ട് തുടങ്ങി സര്‍ക്കാരുകള്‍ക്കും, പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയ്യാറടുപ്പുകള്‍ക്ക് വേണ്ട അറിയിപ്പുകള്‍ മുന്‍കൂട്ടി നല്കുന്നതിനും പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റിലെ വിവരങ്ങള്‍ സഹായകമാകും.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ , ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ , അവരുടെ കുടുംബങ്ങള്‍, തുടര്‍ പഠനം കേരളത്തില്‍ നടത്തേണ്ട വിദ്യാര്‍ത്ഥികള്‍, ചികിത്സകള്‍ക്ക് വേണ്ടി കേരളത്തിലെത്തേണ്ടവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

വിവിധ ജില്ലകളില്‍ എത്തുന്നവരെ കുറിച്ച് ലഭ്യമാക്കിയ വിവരങ്ങള്‍ വഴി കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രാദേശിക ഭരണകൂടത്തിനും, ആരോഗ്യ വകുപ്പിനും കാലേകൂട്ടി സംരക്ഷണ തയ്യാറെടുപ്പുകള്‍ നടത്താന്‍ ലിസ്റ്റ് സഹായകമാകും. വിമാന സര്‍വീസ് അനുമതി ലഭിച്ചാല്‍, അര്‍ഹതപ്പെട്ടവര്‍ക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാന്‍ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടും. കെ.എം.സി.സി പ്രവര്‍ത്തകരില്‍ പ്രവാസി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ഉള്ളതിനാലാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്തരമൊരു വന്‍ ജനകീയ അഭിപ്രായ വിവരം സമാഹരിക്കാന്‍ കഴിഞ്ഞത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ യാത്രാ വിഷയത്തില്‍ പുലര്‍ത്തുന്ന കുറ്റകരമായ കാലതാമസം കാരണം പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിയാനും കെ.എം.സി.സി തയ്യാറാക്കിയ ലിസ്റ്റ് സഹായകമാകും. ഈ വിവരങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനും അടിയന്തര യാത്രാ നടപടികള്‍ നേടിയെടുക്കാന്‍ പ്രവാസിസമൂഹത്തെ പിന്തുണക്കുന്നവര്‍ക്കു കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെ കെ.എം.സി.സി ലക്ഷ്യമിടുന്നത്.

SHARE