കുറ്റവാളികളെ വെറുതെ വിടില്ല, പ്രതിച്ഛായ കളങ്കപ്പെടുത്തി; സ്വര്‍ണക്കടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇ. ന്യൂഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് വിലയിരുത്തലിലാണ് എംബസി.

സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായിരുന്നു. സരിത്താണ് ഐടി വകുപ്പിലെ ജീവനക്കാരി സ്വപ്‌നയുടെ പങ്കിനെകുറിച്ച് കസ്റ്റസിനോട് വെളിപ്പെടുത്തിയത്.

കേസില്‍ ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കും. കുറ്റകൃത്യത്തിന്റെ എല്ലാ വിവരങ്ങളും പുറത്തുവരേണ്ടതുണ്ട്- എംബസി വ്യക്തമാക്കി. പ്രതി സരിത്തിനെ മാസങ്ങള്‍ക്ക് മുമ്പു തന്നെ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടതായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സ്വപ്‌ന സുരേഷിന് കേസിലുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

ദുബൈയില്‍ നിന്നു വിമാനത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. ഇതിന് 13.5 കോടി രൂപ വിലവരും. വന്‍ സ്വര്‍ണക്കടത്തുസംഘമാണു പിന്നിലെന്നാണു വിലയിരുത്തല്‍. രാജ്യാന്തര വിമാനത്താവളത്തില്‍ നാലു ദിവസം മുന്‍പാണു കാര്‍ഗോ എത്തിയത്.

ശുചിമുറി ഉപകരണങ്ങള്‍ അടങ്ങുന്ന പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ല. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.