അബുദാബി: യു.എ.ഇയില്‍ കോവിഡ് 19 വ്യാപനത്തിന് കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവിഭാഗത്തിന്റെയും വിവിധ വകുപ്പുകളുടെയും കടുത്ത പരിശ്രമവും കര്‍ശനമായ നിബന്ധനകളുടെയും പശ്ചാത്തലത്തിലാണ് കൊറോണ വൈറസിനെ ഒരു പരിധിവരെ തടഞ്ഞുനിറുത്താനായിട്ടുള്ളത്.
പൊതുജനങ്ങളുടെ നിരന്തരമായ സഹകരണം തുടര്‍ന്നും ഉണ്ടായാല്‍ മാത്രമെ മാരകമായ വൈറസിനെ തുരത്താന്‍ കഴിയുകയുള്ളുവെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കുകയും ജീവിതം അതിനനുസൃതമായി ചിട്ടപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ താമസിയാതെത്തന്നെ രോഗികളുടെ എണ്ണം ഇനിയും ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇ ഭരണകൂടവും വിവിധ വകുപ്പുകളും കാണിക്കുന്ന കരുതലും പരിചരണവും ഈ രംഗത്ത് എടുത്തുപറയേണ്ട നേട്ടമാണ്. ദിവസങ്ങള്‍ക്കകം ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ആശുപത്രികളും വിപുലമായ പരിശോധനാ കേന്ദ്രങ്ങളും പ്രശംസനീയമാണ്.
വെള്ളിയാഴ്ച 624 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാളുടെ മരണമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. 765 പേര്‍ക്ക് രോഗം ഭേദമായതായി അറിയിപ്പില്‍ പറയുന്നു.
ഇതുവരെ യു.എ.ഇയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 37,642 ആയി ഉയര്‍ന്നു. രോഗം ഭേദമായവരുടെ എണ്ണം 20,337 ആണ്. ഇതിനകം 274 പേരാണ് യു.എ.ഇയില്‍ കൊറോണ മൂലം മരിച്ചത്.