സ്വര്‍ണക്കടത്തില്‍ യു.എ.ഇ പൗരനും; സ്വപ്‌നയ്‌ക്കൊപ്പം കോവളത്തെ ടെക്‌നോളജി കോണ്‍ക്ലേവില്‍ പങ്കെടുത്തത് ഇയാളെന്ന് സൂചന- അന്വേഷണത്തിന് സി.ബി.ഐ എത്തുന്നു

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ യു.എ.ഇ പൗരന്‍ കൂടി. റാഷിദ് ഖമീസ് അല്‍ ഷമീലി എന്നയാളാണ് വിദേശത്തു നിന്ന് ഡിപ്ലോമാറ്റിക് ചാനല്‍ വഴി ചരക്ക് അയച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുമായി സ്വപ്‌നയ്ക്ക് വ്യക്തി ബന്ധം ഉണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ ഈ വര്‍ഷം ആദ്യം കോവളത്തു നടന്ന സപേസ് ടെക്‌നോളജി കോണ്‍ക്ലേവില്‍ സമാന പേരുള്ള ഒരാള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രധാന അതിഥികളുടെയോ പ്രഭാഷകരുടെയോ പട്ടികയില്‍ ഇയാളില്ല. ബഹിരാകാശ ശാസത്ര ഗവേഷണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നത്. രണ്ടു ദിവസത്തെ കോണ്‍ക്ലേവിന് വേദിയായത് കോവളത്തെ നക്ഷത്ര ഹോട്ടലാണ്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ജനുവരി 31നും പിറ്റേന്നും പരിപാടിയിലുടനീളം സ്വപ്‌ന സജീവ സാന്നിധ്യമായിരുന്നു. ഒപ്പം ഐടി സെക്രട്ടറിയെന്ന നിലയില്‍ എം ശിവശങ്കറും. മുഖ്യമന്ത്രിയുടെ ശാസത്ര ഉപദേഷ്ടാവ് ബി.ഡി. ദത്തന്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയുടെ മുഖ്യസംഘാടക ആയിരുന്നു സ്വപ്‌ന. പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന് ഉപഹാരം നല്കി‍യത് സ്വപ്‌നയായിരുന്നു.

സ്വപ്‌നയ്ക്ക് പുറമേ, തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ ആയ സരിത് കുമാറിനാണ് കടത്തില്‍ പങ്കുള്ളത്. ദുബൈയില്‍ വച്ച് ഫരീദ് ഫൈസല്‍ എന്നയാളാണ് ബാഗ് പാക്ക് ചെയ്തത്.

അതിനിടെ, കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാന്‍ സി.ബി.ഐ സംഘം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി. നേരത്തെ, കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പരോക്ഷ നികുതി ബോര്‍ഡിനോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. മലയാളിയായ മന്ത്രി വി. മുരളീധരന്‍ നിര്‍മലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതു കൊണ്ടു തന്നെ എന്‍.ഐ.എയും കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. കേസ് അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പിലേക്ക് വളരുന്ന സാഹചര്യത്തില്‍ സി.ബി.ഐ-എന്‍.ഐ.എ സംയുക്ത അന്വേഷണത്തിന്റെ സാദ്ധ്യതയുമുണ്ട്.

SHARE