വധഭീഷണി വ്യാജം; യു.എ.ഇ കോണ്‍സല്‍ ഗണ്‍മാനായിരുന്ന ജയഘോഷിനെ പോലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ പോലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് സിറ്റി പോലീസ് കമ്മിഷണറുടേതാണ് നടപടി.
യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും വീഴ്ച വരുത്തി. ഇവ രണ്ടും സര്‍വീസ് ചട്ടങ്ങള്‍ ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

എന്നാല്‍ വധശ്രമമുണ്ടായി എന്ന ജയഘോഷിന്റെ മൊഴി മൊഴി കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറയുന്നു. ഇതിനുപുറമേ സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ആത്മഹത്യാശ്രമം കൂടി നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷര്‍ ജയഘോഷിനെ സസ്പെന്ഡ് ചെയ്തത്. ജയഘോഷിനെതിരേ ഈ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് വന്നിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യശ്രമം. ജയഘോഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതിനിടെയാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ എസ്.ആര്‍. ജയഘോഷിനെകണ്ട് ഐ.ബി. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിന് കോണ്‍സുലേറ്റിലെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആര്‍ ക്യാംപിലെ പൊലീസുകാരന്‍ എസ്.ആര്‍.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയതില്‍ അസ്വഭാവികയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2020 ജനുവരി എട്ടിനാണ് ജയ്‌ഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്. ഒരു വര്‍ഷത്തേക്ക് കൂടി ജയ്‌ഘോഷിന്റെ കാലാവധി നീട്ടിയത് ഡി.ജി.പിയുടെ ഉത്തരവിലൂടെയാണ്. എന്നാല്‍ ചട്ടലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ ജയ്‌ഘോഷിന്റെ നിയമന ഉത്തരവ് പോലീസ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സ്വര്‍ണക്കടത്തുകേസിലെ ജയഘോഷിന്റെ പങ്ക് കസ്റ്റംസും എന്‍.ഐ.എയും അന്വേഷിച്ചുവരികയാണ്.