ചൈനീസ് ഹാക്കര്‍മാര്‍ വാക്‌സിന്‍ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക

കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിന്റെ ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി അമേരിക്ക.കോവിഡിനെതിരെ അടിയന്തരമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പൊതുസ്വകാര്യമേഖലാസ്ഥാപനങ്ങള്‍ക്ക് ഹാക്കര്‍മാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് എഫ്.ബി.ഐയും ആഭ്യന്തരസുരക്ഷാവിഭാഗവുമെന്ന് പ്രമുഖ ദിനപ്പത്രങ്ങളായ വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു.

ചൈനാഗവണ്‍മെന്റിന്റെ അറിവോടെയാണ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് യു.എസ് ആരോപിക്കുന്നത്. ഹാക്കര്‍മാര്‍ക്കെതിരെയുള്ള ഔദ്യോഗിക മുന്നറിയിപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.

എന്നാല്‍ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും ചൈന ശക്തമായി നിഷേധിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസനത്തിലും കോവിഡ് ചികിത്സയിലും ചൈന ബഹുദൂരം മുന്നിലാണെന്നും തങ്ങള്‍ക്കെതിരായ ആരോപണങ്ങളും കിംവദന്തികളും അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമാന്ത്രാലയ വക്താവ് വ്യക്തമാക്കി.

SHARE