ചൈനയ്‍ക്കെതിരെ യുഎസ് പടയൊരുക്കം; ദക്ഷിണ ചൈന കടലില്‍ സൈനിക അഭ്യാസവുമായി അമേരിക്കന്‍ സേന

വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കെ ചൈനയ്‌ക്കെതിരെ യുഎസിന്റെ പടയൊരുക്കം. ദക്ഷിണ ചൈന കടലിലേക്ക് അടുത്ത ദിവസങ്ങളില്‍ യുഎസ് നാവികസേന കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയയ്ക്കുമെന്ന് രാജ്യേന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ചൈനക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് മുന്നറിയിപ്പുമായി അമേരിക്കയുടെ പടയൊരുക്കം.

ചൈന സൈനിക അഭ്യാസം നടത്തുന്ന സാഹചര്യത്തില്‍ ദക്ഷിണ ചൈന കടലില്‍ യുഎസ് സേനയും പരിശീലനം നടത്താന്‍ ഒരുങ്ങുന്നത്. വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച മുതല്‍ ഫിലിപ്പിന്‍ കടലിലും ദക്ഷിണ ചൈന കടലിലും സൈനിക അഭ്യാസം നടക്കുകയെന്ന് യുഎസ് നാവികസേന വക്താവ് ലഫ്റ്റനന്റ് ജോ ജെയ്‌ലി പറഞ്ഞു. നാവികസേനാംഗങ്ങള്‍ക്ക് കൂടുതല്‍ പരിശീലന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ദക്ഷിണ ചൈന കടലിലെ സൈനിക അഭ്യാസം ലക്ഷ്യമിടുന്നതെന്നും ലഫ്റ്റനന്റ് ജോ ജെയ്‌ലി പറഞ്ഞു. എന്നാല്‍ ഇത് ചൈനയ്ക്കുള്ള താക്കീതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ ചൈന കടലിലെ തര്‍ക്ക മേഖലയില്‍ സൈനിക അഭ്യാസം നടത്തുന്ന ചൈനയുടെ നടപടി പ്രകോപനപരമാണെന്നും തങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ട്വീറ്റ് ചെയ്തിരുന്നു. നിയമം ലംഘിച്ചുകൊണ്ട് സമുദ്ര മേഖലകളില്‍ നിരന്തരം ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് ദക്ഷിണ ചൈന കടലിലെ സൈനിക അഭ്യാസമെന്നാണ് പെന്റഗണ്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്.