യു.എസ്-ചൈന വ്യാപാര യുദ്ധം മുറുകുന്നു

ന്യൂയോര്‍ക്ക്: ലോകത്തെ രണ്ട് പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും കോടികളുടെ ഇറക്കുമതി തീരുവ ചുമത്തി വ്യാപാര യുദ്ധം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഓട്ടോമൊബൈല്‍, ഫാക്ടറി മെഷിനറി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 160 കോടി ഡോളറിന്റെ നികുതി ചുമത്തി.

തിരിച്ച് യു.എസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്തി ചൈനയും തിരിച്ചടിച്ചു. കൂടുതല്‍ നടപടികളുമായി പ്രത്യാക്രമണം തുടരാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ)യില്‍ അമേരിക്കക്കെതിരെ പരാതി നല്‍കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്.

വ്യാപാര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാഷിങ്ടണില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അമേരിക്ക വീണ്ടും ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ധന വരുത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പക്ഷെ, ഒത്തുതീര്‍പ്പിന് ധാരണയായിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസ്, ചൈന വ്യാപാര യുദ്ധം കൈവിട്ടുപോകുന്നത് അന്താരാഷ്ട്ര ബിസിനസ് സമൂഹത്തില്‍ ആശങ്ക പരത്തിയിട്ടുണ്ട്. യു.എസ് സാമ്പത്തിക സമൂഹവും ഭീതിയിലാണ്. ഇതുവരെ മൊത്തം 5000 കോടി ഡോളറിന്റെ തീരുവയാണ് ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ എത്രയും വേഗം ഒത്തുതീരണമെന്നും വ്യാപാര ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വര്‍ധിപ്പിച്ച ഇറക്കുമതി തീരുവകളെ അതിജീവിക്കുന്നതിന് ചൈന സ്വന്തം കറന്‍സിയില്‍ കൃത്രിമം കാട്ടുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.

SHARE