അണ്ടര്‍-17: ആത്മവിശ്വാസത്തോടെ സ്പാനിഷ് പടയൊരുക്കം

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: ആത്മ വിശ്വാസത്തിന്റെ നെറുകെയിലാണ് അണ്ടര്‍-17 ലോകകപ്പിനായി കൊച്ചിയില്‍ പന്തു തട്ടുന്ന സ്പാനിഷ് പട. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായുള്ള ഹിത പരിശോധനയും തുടര്‍ന്നുണ്ടായ സംഭവങ്ങളൊന്നും ടീമിനെ ഉലക്കുന്നതേയില്ലെന്ന് ഇന്നലെ നടന്ന പരിശീലനത്തില്‍ നിന്ന് വ്യക്തം. കാറ്റലന്‍ ക്ലബ്ബുകളായ ബാഴ്‌സലോണ, എസ്പാന്യോള്‍ എന്നീ ടീമുകളില്‍ നിന്ന് അഞ്ചു താരങ്ങള്‍ കൗമാര കൂട്ടത്തിലുണ്ട്. ബാഴ്‌സയില്‍ നിന്ന് നായകന്‍ ആബേല്‍ റൂസ്, മാത്യു മോറെ, യുവാന്‍ മിറാന്‍ഡ, സെര്‍ജിയോ ഗോമസ് എന്നിവരും എസ്പാന്യോളില്‍ നിന്ന് വിക്ടര്‍ പെരേരയുമാണ് ദേശീയ ടീമിനായി ലോകകപ്പില്‍ ബൂട്ടുകെട്ടുന്നത്. ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനാണ് ടീമില്‍ കൂടുതല്‍ പങ്കാളിത്തമുള്ളത്. 21 അംഗ സ്‌ക്വാഡില്‍ മിഡ്ഫീല്‍ഡിലെ പ്രമുഖനായ മുഹമ്മദ് ഐമാന്‍ മൌക്‌ലിസ് ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് റയലിന്റെ ജഴ്‌സിയില്‍ നിന്നുള്ളത്. കളത്തിലും പുറത്തും ഒറ്റക്കെട്ടായിരുന്നു താരങ്ങള്‍. കൊച്ചിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനായിരുന്നു ഇന്നലെ ടീമിന്റെ ശ്രമം.

രാവിലെ 10.30ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ കഠിന പരിശീലനം അവസാനിച്ചത് ഉച്ചക്ക് 12.30ന്. കോര്‍ണര്‍ കിക്കുകളുടെ പരീക്ഷണമായിരുന്നു ആദ്യം. ഗോളിമാരെയും ഏറെ നേരം പരീക്ഷണത്തിന് വിധേയരാക്കി. ടീമിനെ രണ്ടായി തിരിച്ച് മത്സരിപ്പിച്ചപ്പോള്‍ കോച്ച് സാന്റിയാഗോ ഡെനിയ തന്നെയായിരുന്നു റഫറിയുടെ റോളിലും. പന്തടക്കത്തിലും പ്രതിരോധത്തിലും ആക്രമണത്തിലും കൂടുതല്‍ മികവുറ്റവരാക്കാനുള്ള പരിശ്രമമായിരുന്നു സാന്റിയുടേത്.

ക്രൊയേഷ്യയില്‍ നടന്ന അണ്ടര്‍-17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം ആവര്‍ത്തിച്ച് ലോകകപ്പ് കിരീടം മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്ന് പരിശീലനത്തിന് ശേഷം സാന്റിയാഗോ ഡെനിയയുടെ വാക്കുകള്‍. കളിക്കാര്‍ ആവേശത്തിലാണ്. അവര്‍ക്ക് ഈ ലോകകപ്പ് വേണം. ടീമിന്റെ നിലവിലെ പ്രകടനത്തില്‍ സാന്റി സംതൃപ്തനാണ്. അന്ന് ടീമിലുണ്ടായിരുന്ന സാന്ദ്രോ ഒറിയാനോ പരിക്കുകാരണം ലോകകപ്പിനെത്തിയില്ല. മറ്റുള്ളവരൊക്കെ മികച്ച ഫോമിലാണ്. എങ്കിലും ചില മേഖലകളില്‍ മെച്ചപ്പെടാനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തില്‍. വരുംദിവസങ്ങളില്‍ ഈ പോരായ്മകള്‍ പരിഹരിക്കും. തന്ത്രങ്ങളില്‍ മാറ്റംവരുത്തണം- സാന്റി വ്യക്തമാക്കി.

നായകന്‍ ആബേല്‍ റൂയിസ് ടീമിന്റെ പ്രധാന താരമാണ്. പക്ഷേ, റൂയിസില്‍ മാത്രമല്ല ടീമിന്റെ ശ്രദ്ധ. റൂയിസ് ടീം കളിക്കാരനാണ്. ടീമില്ലാതെ കളിക്കാരനില്ലെന്ന് റൂയിസ് അറിയാം. എല്ലാവരും ജയത്തിനുവേണ്ടിയാണ് കളിക്കുന്നത്. സംഘബലമാണ് ടീമിന് ആവശ്യം. വ്യക്തിപരമായ മികവുകളല്ല- സാന്റി പറഞ്ഞു.

അത്‌ലറ്റികോ മാഡ്രിഡിന്റെ കളിക്കാരനായിരുന്നു സാന്റി. പ്രതിരോധത്തിലായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. അത്‌ലറ്റികോയ്ക്ക് വേണ്ടി 225 മത്സരങ്ങളില്‍ ഇറങ്ങി. സ്‌പെയിന്‍ അണ്ടര്‍ 18, 21, 23 ടീമുകള്‍ക്കും കളിച്ചു. സീനിയര്‍ ടീമിനായി രണ്ട് മത്സരങ്ങളില്‍ ഇറങ്ങി. 1996ലെ ഒളിമ്പിക്‌സിലാണ് കളിച്ചത്. 2009ല്‍ അത്‌ലറ്റികോയുടെ പരിശീലകനായി. 2011ലാണ് സ്‌പെയിന്‍ അണ്ടര്‍-17 ടീമിന്റെ പരിശീലകനാകുന്നത്.
മൂന്ന് തവണ ഫൈനലില്‍ കടന്നിട്ടുണ്ടെങ്കിലും അണ്ടര്‍-17 ലോകകപ്പില്‍ മുത്തമിടാന്‍ ഇതുവരെ സ്‌പെയിന്‍ ടീമിനായിട്ടില്ല. ഇന്ത്യയില്‍ പുതിയ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് സാന്റിയും ടീമും.