പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എസ്.ഐ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റില്‍

ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എസ്.ഐയെ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ആയിരുന്ന സാം മോന്‍(55)നെയാണ് ഡി.വൈ.എസ്.പി ബി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2016-ആഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഒരു കേസിനെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലേക്ക് വൈകുന്നേരം പെണ്‍കുട്ടിയെ വിളിച്ച് വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സാം മോനെതിരെ പുന്നപ്ര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യ അപേക്ഷ തള്ളിയതോടെ ഇയാള്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.

ജൂലൈ 27ന് രാവിലെ 11 ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങവെയാണ് സാം മോന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെ തുടര്‍ന്ന് ഒരു വര്‍ഷം ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടതായി ആഭ്യന്തരവകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി.