‘മദീന മസ്ജിദിനു മുന്നിലിരുന്ന് കുഞ്ഞു തേങ്ങി’, ഉപ്പയും ഉമ്മയുമെവിടെ?

ന്യൂഡല്‍ഹി: കലാപാനന്തര ഡല്‍ഹി തേങ്ങുകയാണെന്നതിനുള്ള ഒരു ദയനീയ കാഴ്ച്ച കൂടിയാണ് ഈ കുഞ്ഞിന്റെ ഒറ്റപ്പെടല്‍. രണ്ടു വയസ്സിനോടടുത്ത് പ്രായം കാണും. എന്നാല്‍ പേരെന്താണെന്നോ വീടെവിടെയാണെന്നോ പറയാന്‍ അറിയാത്ത കുഞ്ഞു പൈതലാണ്. മദീന മജ്‌സിദിന്റെ അടുത്തിരുന്ന് നിലവിളിക്കുമ്പോളാണ് കുഞ്ഞിനെ നാട്ടുകാര്‍ക്ക് കിട്ടുന്നത്. ഇന്ന് അപരിചിതരായ ഒരു വീട്ടുകാര്‍ക്കൊപ്പമാണ് കുഞ്ഞിന്റെ താമസം.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ‘മദീന മസ്ജിദിന്റെ അരികെ ഒരു കുട്ടിയിരുന്ന് കരയുന്നത് കാണുകയായിരുന്നു.’പ്രദേശവാസിയായ സഊദ് ആലം പറഞ്ഞു. കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 24-ന് ഒരു സംഘം അക്രമകാരികള്‍ ഞങ്ങളുടെ വാടക വീടിനടുത്തെത്തി. ഞങ്ങളുടേത് ഹിന്ദുഭൂരിപക്ഷ പ്രദേശമാണ്. തന്റെ വീടിനവര്‍ തീവെച്ചു. കയ്യില്‍ കിട്ടിയ കുറച്ച് വസ്ത്രങ്ങളെടുത്ത് ഓടുന്നതിനിടയിലാണ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അവിടെ ഒരു പള്ളി തകര്‍ക്കുന്നുണ്ടായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷിക്കാനായി കുഞ്ഞിനെ വാരിയെടുത്ത് ഓടി. രണ്ടു വയസ്സു പ്രായം കാണും. എങ്കിലും പേരെന്താണെന്ന് പോലും പറയാനുള്ള പ്രായമായിട്ടില്ല ഈ കുഞ്ഞിന്.- സഊദ് കൂട്ടിച്ചേര്‍ത്തു.

കുടുംബത്തേയും കൂട്ടി രക്ഷപ്പെടുന്നതിനിടെ അഭയം പ്രാപിച്ചത് ചാമന്‍പാര്‍ക്കിനടുത്തുള്ള ഒരു വീട്ടിലാണ്. ആ വീട്ടുടമസ്ഥന്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് അവിടെ അഭയം നല്‍കിയിരുന്നു. ഇത് ഒരു കുടുംബത്തിന്റെ മാത്രം കഥയാണ്. ഇങ്ങനെ എത്രയെത്ര കുടുംബങ്ങളും കുഞ്ഞുങ്ങളുമാണ് വഴിയാധാരമായിരിക്കുന്നത്.

24-ാം തിയ്യതിയായിരുന്നു കലാപം പൊട്ടിപുറപ്പെട്ടത്. 45 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. കലാപശേഷം നിരവധിയാളുകളെ കാണാതായിട്ടുണ്ട്. 20 വയസ്സുകാരനായ മുഹമ്മദ് സാജിബിനെ കാണാനില്ലെന്ന് കുടുംബം പറയുന്നു. 25-ാംതിയ്യതി ഉച്ചക്ക് പുറത്തുപോയ മകന്‍ തിരിച്ചുവന്നിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സാജിബിനെ കാണാനില്ലെന്ന് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഈ നേരം വരെ യാതൊരു വിവരവുമില്ല.

എംപിമാരുടെ പ്രതിഷേധം ഉണ്ടായി. ഡല്‍ഹി കലാപത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവെച്ചു പിരിഞ്ഞു. ഫെബ്രുവരി 28 ന് അന്തരിച്ച ബീഹാറിലെ വാല്‍മീകി നഗറില്‍ നിന്നുള്ള ജെഡിയു എംപി ബൈദ്യനാഥ് പ്രസാദ് മഹ്‌തോയെ അനുസ്മരിച്ച ശേഷം സഭ ഉച്ചകഴിഞ്ഞ് 2 മണിയിലേക്ക് മാറ്റിവെച്ചു.

എന്നാല്‍, അമിത് ഷാ രാജി വയ്ക്കണം എന്നു ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരയ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ധര്‍ണ നടത്തുകയായിരുന്നു. അമിത് ഷാ രാജിവയ്ക്കുക എന്ന ബാനറുമേന്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം നടന്നത്.