അംബാനിക്ക് വേണ്ടി സുപ്രീംകോടതി ഉത്തരവ് തിരുത്തി: രണ്ട് കോടതി ജീവനക്കാരനെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിന് ആണ് നടപടി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജറാകാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി അന്ന് വൈകീട്ട് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജറാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ജഡ്ജിമാരുടെ അറിവില്ലാതെയാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ബുധനാഴ്ച രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

SHARE