യുപിയില്‍ രണ്ട് ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു ഹിന്ദു സന്യാസിമാര്‍ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ടു. അനൂപ്ശഹര്‍ കൊട്‌വാലിയിലെ പഗോണ വില്ലേജില്‍ ഇന്നു രാവിലെയാണ് സംഭവം. ഇവിടുത്തെ ശിവക്ഷേത്രത്തിലെ പൂജാരിമാരായ ജഗദീഷ് എന്ന രംഗി ദാസ് (55), ഷേര്‍ സിങ് എന്ന സേവാ ദാസ് (45) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മുരാരി എന്ന രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂര്‍ച്ചയേറിയ വാള്‍ കൊണ്ട് മുരാരി ഇരുവരേയും വെട്ടിക്കൊല്ലുകയായിരുന്നു. ലഹരി മരുന്നിന് അടിമയായ ഇയാളും സന്യാസിമാരും തമ്മില്‍ രണ്ട് ദിവസം മുമ്പ് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് ഇന്നു രാവിലെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപെട്ട പ്രതിയെ അടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് പൊലീസ് പൊക്കിയത്.

വെട്ടിക്കൊന്ന വാളുമായി രക്ഷപെടാന്‍ ശ്രമിക്കവെ ഇയാളെ അടുത്തുള്ള ഗ്രാമവാസികള്‍ കണ്ടെത്തുകയും വിവരം നല്‍കുകയുമായിരുന്നെന്ന് ബുലന്ദ്ശഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ പറഞ്ഞു. സംഭവസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ അപ്പുറത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. പിടിയിലാവുമ്പോള്‍ മുരാരി അല്‍പ വസ്ത്രധാരിയായ നിലയിലും ലഹരി ഉപയോഗിച്ച് മത്ത് പിടിച്ച അവസ്ഥയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

നിലവില്‍ വിശദമായ വിവരം നല്‍കാന്‍ പറ്റിയ അവസ്ഥയിലല്ല ഇയാളെന്നും എസ്എസ്പി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ 101 പേര്‍ അറസ്റ്റിലായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ ചാര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമം പ്രതികള്‍ അറസ്റ്റിലായതോടെ പാളിയിരുന്നു. പ്രതികളില്‍ ഭൂരിഭാഗം പേരും ബിജെപിക്കാരായിരുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരൊറ്റം മുസ്‌ലിം പോലും ഇല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവത്തിലും വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു.

SHARE