‘ഫ്രാങ്കോ മുളയ്ക്കലിന്റെ അതിക്രമം മൂലം രണ്ടുപേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചു’; ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് സഭയിലെ കൂടുതല്‍ കന്യാസ്ത്രീകള്‍ ഇരയായതായും ഇതുമൂലം രണ്ടു പേര്‍ തിരുവസത്രം ഉപേക്ഷിച്ചുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. അന്വേഷണസംഘത്തിന് മുമ്പാകെയാണ് രണ്ട് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്.

ലൈംഗിക ചുവയോടെ ബിഷപ്പ് പെരുമാറി. ഇതുമൂലം രണ്ട് കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു. അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് പീഡനത്തെ കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി. സഭാ നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളും അവരുടെ മൊഴിയിലുണ്ട്.

ജലന്ധര്‍ രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് നടത്തിയ മൊഴിയെടുപ്പില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിഷപ്പ് ആവിഷ്‌കരിച്ച ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പരിപാടിയില്‍ നടന്ന കാര്യങ്ങളും കന്യാസ്ത്രീകള്‍ പോലീസിനോട് വിശദീകരിച്ചു. ഈ പരിപാടിക്കിടെയും ബിഷപ്പ് കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്നും മൊഴയിലുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെയും തയ്യാറായിട്ടില്ല. കേസില്‍ നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ജലന്ധറില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഇത് ബിഷപ്പിനെതിരായ തെളിവുകളെ സാധൂകരിക്കുന്നതാണ്. പരാതി നല്‍കിയിട്ടും അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കും.

SHARE