കൊറോണ ലക്ഷണം; കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാങ്കോക്കില്‍നിന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ രണ്ടുയാത്രക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി വിവരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വ്യത്യസ്ത വിമാനങ്ങളില്‍ ബാങ്കോക്കില്‍നിന്ന് എത്തിയ രണ്ടു യാത്രക്കാരിലാണ് വിമാനത്താവളത്തിലെ തെര്‍മല്‍ സ്‌ക്രീനിങ് പരിശോധന വഴിവൈറസ് സാധ്യത കണ്ടെത്തിയതെന്നും ഫലം പോസിറ്റീവായതോടെ ഇവരെ ബല്യാഘട്ടയിലെ ഐ.ഡി ആസ്പത്രിയില്‍ സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും കൊല്‍ക്കത്ത വിമാനത്താവള ഡയരക്ടര്‍ കൗഷിക് ഭട്ടാചാര്യ പറഞ്ഞു.
അതേസമയം രക്ത സാമ്പിള്‍ പരിശോധിച്ച ശേഷം മാത്രമേ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു യാത്രക്കാരിയിലും തെല്‍മല്‍ സ്‌ക്രീനിങില്‍ പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരിയിലെ ശരീരോഷ്മാവിന് കാരണം കൊറോണ ബാധയല്ലെന്ന് വ്യക്തമായി. കൊറോണ ലക്ഷണങ്ങള്‍ക്ക് സമാനമായ മറ്റു രോഗ ലക്ഷണങ്ങളുള്ളവരിലും തെര്‍മല്‍ സ്‌ക്രീനിങ് പരിശോധന പോസിറ്റീവ് ആകും എന്നതിനാല്‍ വിമാനത്താവളത്തിലെ തെല്‍മല്‍ സ്‌ക്രീനിങ് മാത്രം നോക്കി രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കില്ല.

വിദഗ്ധ പരിശോധനക്കായി രോഗിയുടെ രക്ത സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുകയും ഇവിടെനിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് നിലവില്‍ പിന്തുടരുന്ന രീതി. ഈ നടപടികള്‍ തന്നെ ഇവരുടെ കാര്യത്തിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.