ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്. ബോള്‍ട്ടനിലാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്‍ തിരുവല്ല സ്വദേശികളാണ്.

വിയന്നയിലുള്ള സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ചയാണ് രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ബോട്ടിങ്ങിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നീന്തല്‍ അറിയാവുന്ന ഇരുവരും തടാകത്തിലെ ചതുപ്പില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ എത്രയും വേഗം ബോള്‍ട്ടനില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്