കയ്യില്‍ ഹോം ക്വാറന്റെയ്ന്‍ മുദ്രയുമായി രണ്ട് പേര്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ; പൊലീസെത്തി തടഞ്ഞു

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഹോം ക്വാറന്റെയ്ന്‍ നിര്‍ദേശിച്ച രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തു. സംശയം തോന്നിയ കണ്ടക്ടര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി യാത്ര തടഞ്ഞു. ഷാര്‍ജയില്‍നിന്ന് എത്തിയവരാണ് അധികൃതരുടെ നിര്‍ദേശം മറികടന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വോള്‍വോ ബസിലാണ് ഇരുവരും കയറിയത്. ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്പാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി. കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡി.എം.ഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തുകയായിരുന്നു.പിന്നീട് ഇരുവരെയും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കി.

SHARE