മുഖ്യമന്ത്രിക്കു വധഭീഷണി: കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് പിടിയിലായത്. ഇതില്‍ ഒരാളുടെ ഫോണില്‍ നിന്ന് വധഭീഷണി സന്ദേശം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ സിം കാര്‍ഡ് അടുത്തിടെ നഷ്ടപ്പെട്ടിരുന്നതായി ഇയാള്‍ പൊലീസിനു മൊഴി നല്‍കി. അയല്‍വാസിയോടുള്ള പക തീര്‍ക്കാന്‍ ഫോണ്‍ മോഷ്ടിച്ചു വിളിക്കുകയായിരുന്നുവെന്ന് കസ്റ്റഡിയിലുള്ള രണ്ടാമത്തെയാള്‍ പൊലീസിനോട് പറഞ്ഞു.
ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. മുഖ്യമന്ത്രിയെ വധിക്കുമെന്ന് അറിയിച്ച് വെള്ളിയാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കുന്നംകുളം സ്വദേശി സജേഷ്‌കുമാറിന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. ‘മുഖ്യമന്ത്രി ഇന്നു കൊല്ലപ്പെടും’ എന്നായിരുന്നു സന്ദേശം. സജേഷ്‌കുമാര്‍ പൊലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

SHARE