ഞങ്ങള്‍ വിളക്കണയ്ക്കില്ല, ഇത് അന്ധവിശ്വാസം-ട്വിറ്ററില്‍ ട്രന്‍ഡിങായി ഹാഷ്ടാഗ്

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഞായറാഴ്ച രാത്രി ഒമ്പതു മണിക്ക് വൈദ്യുതി ലൈറ്റുകള്‍ അണച്ച് വിളക്കു കൊളുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ ട്വിറ്റര്‍ സമൂഹം. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും വീട്ടിലെ ലൈറ്റണയ്ക്കില്ലെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു. #Hum_Light_Nahi_Bujhaenge എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങാണ്.
രാജ്യത്തെ ആരോഗ്യമേഖലയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ മാസ്‌കുകളും കൈയുറകളും കിറ്റുമാണ് വേണ്ടത് എന്നും വിളക്കണച്ചതു കൊണ്ട് അതിനൊന്നും പരിഹാരമാകില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് കാര്യങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ പോരാട്ടം നടക്കുന്നത് എന്ന് ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടുന്നു. ഒന്ന് കോവിഡ് 19നും മറ്റൊന്ന് വിഡ്ഢിത്തത്തിനും എതിരെ- അദ്ദേഹം കുറിച്ചു.

https://twitter.com/kurup62/status/1246713984666832899

മെഴുകുതിരിയല്ല, രാഹുല്‍ഗാന്ധി അമേഠിയിലേക്ക് അയച്ച പോലെ ഹാന്‍ഡ് സാനിറ്റൈസറുകളും സോപ്പുകളും മാസ്‌കുകളുമാണ് ഇപ്പോഴത്തെ ആവശ്യം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.


പി.പി.ഇ കിറ്റുകളുടെ ശേഖരമുണ്ടോ എന്നു നോക്കാന്‍ ഇവിടേക്കും വെളിച്ചമടിക്കാം എന്ന് ഒരു യൂസര്‍ സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍ പങ്കുവച്ച് പരിഹസിച്ചു. രാജ്യത്തെ ആരോഗ്യമേഖലയുടെ പതിതാവസ്ഥ വെളിപ്പെടുത്ത കാര്‍ട്ടൂണാണ് ആചാര്യയുടേത്.


നേരത്തെ, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ മോദിയുടെ ആഹ്വാനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. അധികാരത്തില്‍ ഇരുന്നു കൊണ്ട് മോദി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. വിളക്കു കത്തിക്കുന്നതിനായി ഒമ്പത് എന്ന അക്കം തെരഞ്ഞെടുത്തതിലെ സാംഗത്യമാണ് അദ്ദേഹം ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.