തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോര്പറേഷന് പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മരുന്നുകടകളില്പോവുന്നവര് സത്യവാങ്മൂലം കൈയില്‍ കരുതണം.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും വാങ്ങാന്‍ ആളുകള്‍ക്ക് അനുവാദമില്ല. പോലിസ് നല്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കും. നഗരത്തിലേക്കുള്ള പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനുമുള്ള ഒരുവഴിയൊഴിച്ച് മറ്റെല്ലാം അടയ്ക്കും. കെഎസ്ആര്‍ടിസി ഡിപ്പോ, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. സെക്രട്ടേറിയറ്റും അടഞ്ഞുകിടക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതികളില്‍ കേസ് പരിഗണിക്കുന്നത് മാറ്റി.
ഒരാഴ്ചത്തേക്ക് കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. സമ്പര്‍ക്കരോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. സമ്പര്‍ക്കത്തിലൂടെ ഇന്ന് മാത്രം 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 27 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോര്പറേഷന് പരിധിയിലാണ് കൊവിഡ് വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നത്.