തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം ആളുകള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് കിന്‍ഫ്രയിലെ ഭൂരിപക്ഷം ജീവനക്കാരും നിരീക്ഷണത്തില്‍ പോകും. 

സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസുകാരന്‍ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ ഒമ്പത് പേര്‍ക്കും ഇന്ന് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. 

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവന്‍ ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ മന്ത്രിയുടെ ഫലം നെഗറ്റീവ് ആണ്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.