തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ഗുരുതര സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാംപിള്‍ പരിശോധിച്ചപ്പോള്‍ 51 പേര്‍ പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുക്കുറിശിയില്‍ 75 പേരില്‍ 20 പേര്‍ പോസിറ്റീവായി. അഞ്ചുതെങ്കില്‍ 81 സാംപിളില്‍ 15 പോസിറ്റീവ്. രോഗം തീവ്രമായതിന്റെ ലക്ഷണമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളില്‍ സമൂഹ വ്യാപനം നടന്നതായും സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന ജില്ല എന്ന നിലയ്ക്ക് എല്ലാ സംവിധാനങ്ങളേയും യോജിപ്പിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയില്‍ രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണ് ഈ പരിശോധനാഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് മാത്രം വെള്ളിയാഴ്ച 246 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകരില്‍ മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം എറണാകുളത്ത് 115 പേര്‍ക്കും പത്തനംതിട്ടയില്‍ 87 പേര്‍ക്കും ആലപ്പുഴയില്‍ 57 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 11,066 ആയി.