പൊലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ബാലികയെ പീഡപ്പിക്കാന്‍ ശ്രമം; എസ്.ഐ പിടികൂടാനാവാതെ പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെ കണ്ടെത്താവാതെ പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പേരൂര്‍ക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കുടംബസമേതം ഒളിവിലായ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു.

റസിഡന്റ്‌സ് അസോസിയേഷന്‍ പരിപാടി അറിയിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പൊലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ പേരൂര്‍ക്കട പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സിഐഡിക്ക് കീഴിലുള്ള ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എസ്‌ഐയും പോത്തന്‍കോട് സ്വദേശിയുമായ സജീവ് കുമാറിന് (50) എതിരെയാണ് കേസ്. മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ 27 ന് വൈകിട്ടാണ് സംഭവം. പെണ്‍കുട്ടി എസ്‌ഐ താമസിക്കുന്ന പേരൂര്‍ക്കട എസ്എപി ബറ്റാലിയന്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തുമ്പോള്‍ സജീവ് കുമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അടുത്ത ദിവസം സ്‌കൂളിലെത്തിയ പെണ്‍കുട്ടി അധ്യാപികയോട് ആദ്യം വിവരം പറഞ്ഞു. അധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.