ദുരന്തഭൂമിയിലെ മാലാഖമാരെ;നന്ദി! പച്ചപ്പും ആര്‍ദ്രതയും പ്രകൃതിയിലെന്ന പോലെ മനുഷ്യ മനസ്സിലും ഇടം പിടിച്ചവരുടെ നാട്; ടിവി ഇബ്രാഹിം എംഎല്‍എ

ടിവി ഇബ്രാഹിം എംഎല്‍എ

മനസ്സില്‍ നിന്നും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകള്‍ എത്ര ശ്രമിച്ചിട്ടും കണ്‍മുന്നില്‍ നിന്നും മാഞ്ഞു പോകുന്നില്ല.
ഒരു നാടു തന്നെ കത്തിച്ചാമ്പലാക്കാന്‍ ഹേതുവാകുമായിരുന്ന വിമാനാപകടം!
ഓര്‍ക്കുമ്പോള്‍ പിന്നെയും പിന്നെയും തികട്ടിവരുന്നു ഭയാനക ചിത്രങ്ങള്‍! നാട്ടുകാരുടെ അവസരോചിതമായ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിതവും തുലോം കുറയ്ക്കാനായത് . കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പോലീസ്, അഗ്‌നിശമനസേന അംഗങ്ങളെയും ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും ദുരന്തം നടന്നതു മുതല്‍ അവസാനത്തെ യാത്രക്കാരനെയും പുറത്തെടുക്കുന്നതുവരെയും സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചൈയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമെത്തിയ മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്.ദുരന്തത്തില്‍ മരണമടഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു;
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വിവിധ മേഖലകളിലെഓരോരുത്ത രോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഈ നാട് ഇങ്ങനെയാണ്.ഈ ആധുനിക യുഗത്തിലും മനുഷ്യപ്പറ്റ് മരിച്ചിട്ടില്ലാത്തവരുടെ സ്വന്തം നാട് .പച്ചപ്പും ആര്‍ദ്രതയും പ്രകൃതിയിലെന്ന പോലെ മനുഷ്യ മനസ്സിലും ഇടം പിടിച്ചവരുടെ നാട് .സ്‌നേഹവും ഊഷ്മളതയും അളവില്ലാതെ കോരിക്കൊടുക്കുന്നവരുടെ ദേശം.
ഇവിടെ ജനിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മണ്ണിന്റെ മണമറിയാന്‍ കഴിയുന്നതില്‍, ഈ പച്ചപ്പിന്റെ തണലറിയാനാകുന്നതില്‍ ഇവിടത്തുകാരുടെ ജന പ്രതിനിധിയാകാന്‍ സാധിച്ചതില്‍ ഞാന്‍ പുളകമണിയുന്നു.
ദുരന്തമുഖത്ത് കാഴ്ചക്കാരാവുന്നതിന് പകരം, ദുരന്ത ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിന് പകരം എത്ര പേരാണ് രക്ഷകരായത്! നോക്കി നില്‍ക്കാതെ എല്ലാവരും അവരവരാല്‍ കഴിയുന്ന രീതിയിലൊക്കെ ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആംബുലന്‍സുകള്‍ വരുന്നത് കാത്ത് നില്‍ക്കാതെ സ്വന്തം വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനും വഴിയൊരുക്കാനുമൊക്കെ ധൃതിപ്പെട്ടത് ആരുടെയും കല്‍പനക്ക് കാതോര്‍ക്കാതെയാണ്.

കൊണ്ടോട്ടിയുടെ ഒരു ഭാഗത്ത് പ്രളയത്തിന്റെ ദുരന്തങ്ങള്‍ നേരില്‍ കണ്ട ശേഷം പ്രളയത്തില്‍ വേദനയും നഷ്ടങ്ങളും സഹിച്ചവരെ ആശ്വസിപ്പിച്ച് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം മറ്റൊരു ദുരന്തം വിമാനത്തിന്റെ രൂപത്തില്‍ പറന്നിറങ്ങിയത്.
മഴയും മോശം കാലാവസ്ഥയും വെളിച്ചക്കുറവും. പോരാത്തത്തിന് കോവിഡ് ഭീതിയും കണ്ടയിന്‍മെന്റ് സോണ്‍ എന്ന മുദ്രയും. അങ്ങാടികളും റോഡുകളുമൊക്കെ അടച്ച് ലോക്ക് ഡൗണിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്ന നാട്ടുകാര്‍ വിമാനദുരന്തമുണ്ടായ ശേഷം നിമിഷ നേരം കൊണ്ടാണ് ഒഴുകിയെത്തിയത്. കേട്ടവര്‍ കേട്ടവര്‍ പാഞ്ഞടുത്തത് ഒരു ജീവനെങ്കിലും രക്ഷപ്പെടട്ടെയെന്ന പ്രാര്‍ത്ഥനയോടെയും .

ദുരന്തമുഖത്ത് നിന്നും അപകടത്തില്‍ പെട്ടവരെയും ജീവന്‍ നിലച്ചവരെയും താങ്ങിയെടുത്ത് കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനുള്ള ബദ്ധപ്പാടില്‍ ആരും കൊറോണയെ ഭയപ്പെട്ടില്ല. അകലം പാലിച്ചില്ല. കണ്ടൈന്‍മെന്റ് സോണ്‍ എന്ന നിയമ മോര്‍ത്തില്ല. സാനിറ്റൈസര്‍ തിരഞ്ഞില്ല. വിലപ്പെട്ട ജീവന്റെ തുടിപ്പുകള്‍ തിരിച്ചു കിട്ടട്ടെയെന്ന ഒരൊറ്റ ചിന്തയില്‍ കൈമെയ് മറന്ന് രംഗത്തിറങ്ങുകയായിരുന്നു.

കൊണ്ടോട്ടിയുടെ ഈ കരുതലിന്,
മലപ്പുറത്തിന്റെ ഈ കാരുണ്യപ്പെയ്ത്തിന് പ്രിയപ്പെട്ടവരേ നിങ്ങളോടുള്ള നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുന്നതല്ല.
ഈ മനുഷ്യത്വം ലോകര്‍ക്ക് മാതൃകയാണ്.ഈ സ്‌നേഹവും കരുതലും എന്നും നിലനില്‍ക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതുമാണ്.
കാലമേറെ കഴിഞ്ഞാലും ദുരന്തമുഖത്തെ മലപ്പുറത്തിന്റെ പ്രകടനങ്ങള്‍ മാലോകരാല്‍ വാഴ്ത്തപ്പെടും. മലപ്പുറത്തിന്റെ
വീരഗാഥകള്‍ അയവിറക്കും.

SHARE