മലപ്പുറം: കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ 7 തൊഴിലാളികള്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ ആളുകളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് ടിവി ഇബ്രാഹിം എംഎല്‍എ. ജില്ലാ-സംസ്ഥാന ഭരണകൂടം പ്രദേശത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും വേണ്ടതായ ടെസ്റ്റുകള്‍ നടത്തി ആശങ്ക നീക്കണമെന്നും എംഎല്‍എ അറിയിച്ചു. മത്സ്യ മാര്‍ക്കറ്റോടനുബന്ധിച്ചുള്ള സ്ഥലങ്ങളെല്ലാം ജനസാന്ദ്രത ഏറിയ പ്രദേശമായതിനാല്‍ ഒരു സാമൂഹ്യ വ്യാപനമുണ്ടായാല്‍ അത് കൊണ്ടോട്ടിയെ കൂടുതല്‍ അപകടകരമാക്കും. അതുകൊണ്ട് അധികൃതര്‍ കൂടുതല്‍ ടെസ്റ്റ് നടത്തി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ടിവി ഇബ്രാഹീം അറിയിച്ചു.
രാത്രി ഒരു മണി മുതല്‍ രാവിലെ വരെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടോട്ടി മാര്‍ക്കറ്റില്‍ നിന്ന് മത്സ്യങ്ങള്‍ കൊണ്ടു പോകുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണിത്.
പ്രദേശത്ത് കോവിഡ് പിടിപെട്ട സാഹചര്യത്തില്‍ മണ്ഡല – തല അവലോകന യോഗംത്തില്‍ സംസാരിക്കുകയായിരുന്നു ടിവി ഇബ്രാഹീം. കൊയിലാണ്ടി സ്വദേശിയായ മത്സ്യ വ്യാപാരിയില്‍ നിന്നും കൊണ്ടോട്ടി മാര്‍ക്കറ്റിലെ 7തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും മാര്‍ക്കറ്റിലെ കൂടുതല്‍ തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കാനും യോഗത്തില്‍ തീരുമാനമായി. കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ, വിവിധ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകള്‍, പോലീസുകാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ 50 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 35 പേര്‍ രോഗ മുക്തരായി. ഉറവിടമറിയാതെ 13 പേര്‍ക്ക് വൈറസ്ബാധയുണ്ടായി. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളും മേലങ്ങാടി സ്വദേശികളുമായ 49 വയസുകാരന്‍, 35 വയസുകാരന്‍, 41 വയസുകാരന്‍, 35 വയസുകാരന്‍ കൂടാതെ കൊണ്ടോട്ടി സ്വദേശിയായ 42 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മേലങ്ങാടി സ്വദേശി (41), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ കൊണ്ടോട്ടി കൊടിമരം സ്വദേശി (41) എന്നിവര്‍ക്കാണ് കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ഉറവിടമറിയാതെ രോഗമുണ്ടായത്. ഇത് പ്രദേശത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.