വിയോഗത്തിന്റെ മൂന്നാം വര്‍ഷം; അണയാത്ത ഓര്‍മ്മയായി ഇ.അഹമ്മദ് സാഹിബ്

ടി.വി.ഇബ്രാഹിം എം.എല്‍.എ

അശാന്തിയിടങ്ങളില്‍ സമസ്യകളുടെ നിര്‍ദ്ധാരണത്തിനെത്തുന്ന സമാധാന ദൂതനായിരുന്ന അഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് മൂന്ന് വര്‍ഷമാകുന്നു. ലളിതമായ ഇടപെടലിലൂടെ അന്താരാഷ്ട്ര തലങ്ങളില്‍ പോലും സങ്കീര്‍ണ്ണമായ അവസ്ഥകളെ അനുകൂലമാക്കി മാറ്റുന്നതിലുള്ള അദ്ദേഹത്തിന്റെ കഴിവ് സവിശേഷമായിരുന്നു. ഏത് കൊടുങ്കാറ്റിലും ഉറച്ച് നില്‍ക്കാന്‍ അദ്ദേഹത്തിനായത് ഈ നയതന്ത്രജ്ഞത യായിരിക്കണം. പൗരത്വ വാളുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് മുകളില്‍ തൂങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും ഇടപെടലുകളിലെ ധീരതയും വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെയാകണം ഫാഷിസം അദ്ദേഹത്തെ ഭയന്നത്. അത് എത്ര കഠിനമാണെന്ന് അദ്ദേഹത്തിന്റെ മരണശയ്യയില്‍ നാം കണ്ടതാണ്. വ്യക്തികള്‍ക്കും പ്രസ്ഥാനത്തിനും രാഷ്ട്രത്തിന് തന്നെയും ആശാ കേന്ദ്രമായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായി പൊതു സേവനം തുടങ്ങി മന്ത്രിയും കേന്ദ്രമന്ത്രിയും ഒടുവില്‍ നയതന്ത്ര ബന്ധങ്ങളില്‍ തിളങ്ങി ലോകമലയാളികളുടെ പ്രതീക്ഷയുമായി പരിണമിച്ച അഹ്മദ് സാഹിബ് ചരിത്രം അടയാളപ്പെടുത്തിയ അപൂര്‍വ്വം രാഷ്ട്രീയ പ്രതിഭകളുടെ പട്ടികയിലാണ് ഇടം ചേര്‍ന്നത്. കഠിനാധ്വനവും നിരന്തരമായ ഗൃഹപാഠവും വിപുലമായ സൗഹൃദങ്ങളും മുതല്‍ക്കൂട്ടാക്കി കാലം ഊതിക്കാച്ചിയെടുത്തതാണ് അഹ്മദ് എന്ന പൊതു പ്രവര്‍ത്തകനെന്ന് നിസ്സംശയം പറയാനാകും.

സ്ഫടിക സമാന സുതാര്യ ഹൃദയനായ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മറ്റുള്ളവര്‍ക്കിടയിലും ഏറെ സ്വീകാര്യനായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടെ ഏത് എളിയ പ്രവര്‍ത്തകനെയും സ്വീകരിച്ച അദ്ദേഹത്തി കര്‍മ്മങ്ങളില്‍ കാപട്യമില്ലായിരുന്നു. ആദര്‍ശനിഷ്ഠ പുലര്‍ത്തിയ അദ്ദേഹം ഏത് പ്രതിസന്ധിയിലും ആശാ കിരണമായിരുന്നു.

ചന്ദ്രിക പത്രത്തിന്റെ സഹ പത്രാധിപര്‍ ,ചന്ദ്രിക സ്ഥാപനങ്ങളുടെ എക്‌സിക്യുടിവ് ഡയറക്ടര്‍, എം എസ് എഫ് സ്ഥാപക നേതാവ്, കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ പ്രസിഡന്റ് ആയി മുപ്പതിലേറെ വര്ഷം, പരിയാരം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറി, തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. അദ്ദേഹം മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ആയിരിക്കേയാണ് വിടവാങ്ങിയത്.

ഇന്ത്യയുടെ ധീരപുത്രനായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ലോകം മുഴുവന്‍ മുഴങ്ങിക്കേട്ടു ആ ധീര ശബ്ദം. ഒരു ആയുസ് മുഴുവന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിനായി സമര്‍പ്പിച്ച മഹാമനീഷി ജനഹൃദയങ്ങളില്‍ ഉജ്വല താരകമായി എന്നും ശോഭിച്ച് നില്‍ക്കും. അന്ത്യ ശ്വാസം വരെ ഇന്ത്യന്‍ മുസ്ലിം ന്യുനപക്ഷത്തിന്റെ അവകാശ പോരാട്ടങ്ങളില്‍ അന്തസ്സോടെ നെടു നായകത്വം വഹിച്ച പകരക്കാരനില്ലാത്ത ലോക നേതാവായിരുന്നു അദ്ദേഹം. ജീവിതാഭിലാഷമെന്നോണം താന്‍ അവകാശ പോരാട്ടങ്ങള്‍ നടത്തിയ തന്റെ കര്‍മ്മ മണ്ഡലമായ പാര്‍ലമെന്റിന്റെ ശ്രീകോവിലില്‍ തന്നെ തന്റെ ഉജ്വലമായ ജീവിതധ്യായം അവസാനിച്ചതും ഒരു നിയോഗമായിരിക്കാം .

ജനതയുടെ അഭിലാഷങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും തന്റെ വചസ്സും വപുസ്സുമര്‍പ്പിച്ച ഇ അഹമ്മദ് സാഹിബ് ഇനി അമര നാമമായി ഓര്‍മ്മയുടെ നീല നഭസ്സില്‍ രജത താരകമായ് തിളങ്ങി നില്‍ക്കും.പരലോക മോക്ഷത്തിനായി സര്‍വ്വശക്ത നോട് പ്രാര്‍ത്ഥിക്കുന്നു.