വലിയ നന്ദി, ആ കരുതലിന്


ടി.വി. ഇബ്രാഹിം എം.എല്‍.എ
മനസ്സില്‍ നിന്നും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകള്‍ കണ്‍മുന്നില്‍ നിന്നും മാഞ്ഞു പോകുന്നില്ല. നിലക്കാത്ത നിലവിളികള്‍. എന്തുചെയ്യണമെന്നറിയാത്ത ആശങ്കയുടെ നിമിഷങ്ങള്‍. പിന്നെയും പിന്നെയും തികട്ടിവരുന്നു കണ്ണീര്‍ക്കാഴ്ചകള്‍! അപ്രതീക്ഷിതമായിരുന്നല്ലോ ഇങ്ങനെയൊരു വിമാനാപകടം.
നാട്ടുകാരുടെ അവസരോചിതമായ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിതവും കുറയ്ക്കാനായത്. കണ്ടയിന്‍മെന്റ്‌സോണ്‍ ആയിട്ടു പോലും, കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും അഭിനന്ദിക്കാതെ വയ്യ. പൊലീസ്, അഗ്നിശമനസേന അംഗങ്ങള്‍, വിവിധ ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വിവരങ്ങല്‍ യഥാസമയം പുറത്തെത്തിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാവുന്ന വിധത്തില്‍ ഇടപെടുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളുമടക്കം വലിയൊരു വിഭാഗം ത്യാഗമനസ്ഥിതിയോടെയാണ് പ്രവര്‍ത്തിച്ചത്. അവരെ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്.
ഒരുപാട് മനുഷ്യരുടെ കാലങ്ങളായുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് അപകടത്തില്‍ ഇല്ലാതായത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന അത്രവേഗം ശമിക്കുന്നതല്ല. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് വിവിധ മേഖലകളിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഈ നാട് ഇങ്ങനെയാണ്. മനുഷ്യപ്പറ്റിനു മുന്നില്‍ മറ്റു ആശങ്കകളില്ല. പച്ചപ്പും ആര്‍ദ്രതയും പ്രകൃതിയിലെന്ന പോലെ മനുഷ്യ മനസ്സിലും ഇടം പിടിച്ചവരുടെ നാടാണിത്. സ്‌നേഹവും ഊഷ്മളതയും അളവില്ലാതെ കോരിക്കൊടുക്കുന്നവരുടെ ദേശം.
ഇവിടെ ജനിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മണ്ണിന്റെ മണമറിയാന്‍ കഴിയുന്നതില്‍, ഈ പച്ചപ്പിന്റെ തണലറിയാനാകുന്നതില്‍, ഇവിടത്തുകാരുടെ ജന പ്രതിനിധിയാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിതനാണ്.
ദുരന്തമുഖത്ത് കാഴ്ചക്കാരാവുന്നതിന് പകരം, ദുരന്ത ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിന് പകരം, എത്ര പേരാണ് രക്ഷകരായത്! നോക്കി നില്‍ക്കാതെ എല്ലാവരും അവരവരാല്‍ കഴിയുന്ന രീതിയിലൊക്കെ ജീവന്‍ പോലും തൃണവല്‍ഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. ആംബുലന്‍സുകള്‍ വരുന്നത് കാത്ത് നില്‍ക്കാതെ സ്വന്തം വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനും വഴിയൊരുക്കാനുമൊക്കെ ധൃതിപ്പെട്ടത് ആരുടെയും കല്‍പനക്ക് കാതോര്‍ക്കാതെയാണ്.
മഴ ശക്തമായതിനെ തുടര്‍ന്ന് കൊണ്ടോട്ടിയുടെ ഒരു ഭാഗത്ത് വെള്ളം കയറിയതിന്റെ ദുരന്തങ്ങള്‍ നേരില്‍ കണ്ട്, പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിച്ച് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് മറ്റൊരു ദുരന്ത വാര്‍ത്ത എത്തുന്നത്. മഴയും മോശം കാലാവസ്ഥയും വെളിച്ചക്കുറവും. പോരാത്തത്തിന് കോവിഡ് ഭീതിയും കണ്ടയിന്‍മെന്റ് സോണ്‍ എന്ന കടുത്ത നിയന്ത്രണവും. അങ്ങാടികളും റോഡുകളുമൊക്കെ അടച്ച് ലോക്ക് ഡൗണിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്ന നാട്ടുകാര്‍ ദുരന്തവാര്‍ത്തയറിഞ്ഞ് നിമിഷ നേരം കൊണ്ടാണ് ഒഴുകിയെത്തിയത്. കേട്ടവര്‍ കേട്ടവര്‍ പാഞ്ഞടുത്തത് ഒരു ജീവനെങ്കിലും രക്ഷപ്പെടട്ടെയെന്ന പ്രാര്‍ത്ഥനയോടെയും . ദുരന്തമുഖത്ത് നിന്നും അപകടത്തില്‍ പെട്ടവരെയും ജീവന്‍ നിലച്ച വരെയും താങ്ങിയെടുത്ത് കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാനുള്ള ബദ്ധപ്പാടില്‍ ആരും കൊറോണയെ ഭയപ്പെട്ടില്ല. അകലം പാലിക്കാനായില്ല. കണ്ടൈന്‍മെന്റ് സോണിലെ കടുത്ത നിയന്ത്രണങ്ങളോര്‍ത്തില്ല. മനുഷ്യരുടെ നിലവിളികളായിരുന്നു അപ്പോള്‍ അവരുടെ കാതുകളില്‍. ഒരു ജീവനെങ്കില്‍ രക്ഷപ്പെടുത്താനായെങ്കില്‍ അതില്‍ കൂടുതലെന്ത് നേടാനാണ്.
കൊണ്ടോട്ടിയുടെ ഈ കരുതലിന്, മലപ്പുറത്തിന്റെ ഈ കാരുണ്യപ്പെയ്ത്തിന്, പ്രിയപ്പെട്ടവരേ നിങ്ങളോടുള്ള നന്ദിയും കടപ്പാടും വാക്കുകളില്‍ ഒതുങ്ങുന്നതല്ല. ഈ മനുഷ്യത്വം ലോകര്‍ക്ക് മാതൃകയാണ്. ഈ സ്‌നേഹവും കരുതലും എന്നും നിലനില്‍ക്കേണ്ടതും കാത്തുസൂക്ഷിക്കേണ്ടതുമാണ്. കാലമേറെ കഴിഞ്ഞാലും ദുരന്തമുഖത്തെ മലപ്പുറത്തിന്റെ പ്രകടനങ്ങള്‍ മാലോകരാല്‍ വാഴ്ത്തപ്പെടും.

SHARE