തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; നാല് പോലീസുകാരെ കൂടി അറസ്റ്റു ചെയ്തു; ആഘോഷമാക്കി നാട്ടുകാര്‍

ചെന്നൈ: തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ് ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിളുമാരായ മുതുരാജ്, മുരുഗന്‍, ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നീ നാലു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇതോടെ, ജയരാജനും മകന്‍ ബെനിക്സും കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി.

വ്യാഴാഴ്ച രാവിലെ മൂന്ന് പോലീസുകാരെ അറസ്റ്റു ചെയ്തതിനു ശേഷമാണ് സിബി- സിഐഡി ഇന്‍സ്പെക്ടര്‍ ശ്രീധറിനെ അറസ്റ്റു ചെയ്തത്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്റ്റിലായ സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെ സസ്പെന്‍ഡ് ചെയ്തു.

്പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തത് തൂത്തുക്കുടി നിവാസികള്‍ ആഘോഷമാക്കി. തൂത്തുക്കുടിയിലെ ശാന്തകുളം നിവാസികള്‍ പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.

ലോക്ഡൗണില്‍ കട അടക്കാന്‍ വൈകിയതിനെ ചൊല്ലിയാണ് മൊബൈല്‍ ഷോപ്പുടമായ ജയരാജിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അച്ഛനെ തേടിയെത്തിയ ബെനിക്സും സ്റ്റേഷനിലകപ്പെടുകയായിരുന്നു. അതിദാരുണമായി ഇരുവരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പ്രകോപനത്തിലേക്ക് വഴിവെയ്ക്കുകയും തമിഴ്നാട് പോലീസ് വന്‍ അന്വേഷണത്തിന് വിധേയമാകുകയും ചെയ്തു.