സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു

അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ യുഎസ് എംബസി അടച്ചു. തുര്‍ക്കിയിലെ യുഎസ് പൗരന്‍മാര്‍ക്ക് എംബസി അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ടൂറിസ്റ്റ് കേന്ദ്രങ്ങളും മറ്റു തിരക്കേറിയ സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ യുഎസ് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുഎസ് എംബസിയും യുഎസ് പൗരന്‍മാരേയും ലക്ഷ്യമിട്ട് ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതായി അങ്കാറ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം എന്ത് തരത്തിലുള്ള ഭീഷണിയാണുള്ളതെന്ന് വ്യക്തമാക്കാന്‍ തുര്‍ക്കി അധികൃതര്‍ തയ്യാറായിട്ടില്ല.

2013ല്‍ യുഎസ് എംബസിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരു തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

സിറിയയില്‍ കുര്‍ദിശ് പോരാളികള്‍ക്ക് യുഎസ് സഹായം നല്‍കിയതിനെ തുടര്‍ന്ന് യുഎസ്-തുര്‍ക്കി ബന്ധം വഷളായിരുന്നു. സിറിയയിലെ കുര്‍ദിശ് പോരാളി ഗ്രൂപ്പായ കുര്‍ദിശ് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയെ തീവ്രവാദ സംഘടനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്.

SHARE