പുതുവത്സര ആഘോഷം; തുര്‍ക്കിയില്‍ വന്‍ സുരക്ഷ; നൂറോളം പേര്‍ കസ്റ്റഡിയില്‍

അങ്കാറ: പുതുവത്സര ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട 29 തീവ്രവാദികളെ പിടികൂടിയതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവര്‍ക്ക് ഐഎസ് ബന്ധമുള്ളതായി മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവരില്‍ ഏറെയും വിദേശ പൗരന്മാരാണ്. ഇവര്‍ ആക്രമണത്തിന് തയാറെടുക്കുകയായിരുന്നതായി സുരക്ഷാ സൈന്യം അറിയിച്ചു. മറ്റു 46 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഒളിത്താവളത്തില്‍ കഴിഞ്ഞ തീവ്രവാദികളെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച സംഘത്തെ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
മുന്‍ വര്‍ഷത്തെ പുതുവത്സര ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇസ്താംബൂളിലെ നിശാക്ലബില്‍ തൊക്കുധാരി നടത്തിയ വെടിവയ്പ്പില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് പുതുവത്സരം പ്രമാണിച്ച വന്‍ ആഘോഷങ്ങള്‍ സുരക്ഷാ സൈന്യം നിരോധിച്ചു.