കോവിഡ് രോഗമുക്തരായ 90% പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; കണ്ടെത്തലുമായി ഗവേഷകര്‍

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലെ വര്‍ധന ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്. എന്നാല്‍ വുഹാന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍ കോവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുവെന്നാണ്. ഏപ്രില്‍ മുതല്‍ നടന്നുവരുന്ന പഠനത്തിന്റെ ആദ്യഘട്ടട്ടിലെ കണ്ടെത്തലിന്റെ റിപ്പോര്‍ട്ടാണ് ഗവേഷകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഒരാള്‍ക്ക് ആറ് മിനുറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരം പോലും ഇവര്‍ക്ക് നടന്നെത്താനാകുന്നില്ലെന്നും ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിലുള്ള മന്ദഗതി മൂലമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

പലരും ഇപ്പോഴും ശ്വാസതടസം നേരിടുന്നുണ്ടെന്നും അവരില്‍ ചിലര്‍ക്കെങ്കിലും ഓക്‌സിജന്‍ സഹായം വേണ്ടിവന്നുവെന്നും ഗവേഷര്‍ വ്യക്തമാക്കുന്നു. ഇതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായിരിക്കുന്നുവത്രേ.

അതായത്, വീണ്ടും രോഗികളാകാന്‍ സാധ്യത നിലനില്‍ക്കുന്നതിന് തുല്യം. ഇവരില്‍ അഞ്ച് ശതമാനത്തിന്റെ ‘ഐജിഎം’ ടെസ്റ്റ് ഫലം ഇപ്പോഴും പൊസിറ്റീവാണ്. അതിനാല്‍ ഇവരെ വീണ്ടും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണത്രേ ഇപ്പോള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ചില അവ്യക്തതകളുണ്ടെന്ന് ഗവേഷകര്‍ തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.

‘രോഗം ഭേദമായ മിക്കവരുടേയും രോഗ പ്രതിരോധവ്യവസ്ഥ ദുര്‍ബലമായാണ് തുടരുന്നത്. ഇത് ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഭൂരിപക്ഷം പേരിലും ഇപ്പോഴും രോഗമുണ്ടാക്കിയ ആഘാതത്തിന്റെ അവശേഷിപ്പുണ്ട്. മാനസിക സംഘര്‍ഷം, സമ്മര്‍ദ്ദം, ഭയം, ഉത്കണ്ഠ, നിരാശ എന്നിങ്ങനെ പല രീതിയിലാണ് ഇത് പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

SHARE